മറ്റത്തൂർ: 45 വർഷങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ട ആധാരത്തിന്റെ പകർപ്പ് തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നൂലുവള്ളി സ്വദേശിനി തങ്കമണി. ആധാരം തിരികെ കിട്ടാൻ തുണയായത് നവകേരള സദസ്സ്. അഞ്ച് വർഷം മുമ്പ് മരണമടഞ്ഞ ഭർത്താവ് തൈനാത്തൂടൻ വേലായുധൻ ഏറെക്കാലം ഈ പ്രമാണം വീണ്ടെടുക്കാനായി ശ്രമിച്ചിരുന്നു. 14 സെന്റ് സ്ഥലത്തിന്റെ 80 വർഷം പഴക്കമുള്ള ആധാരത്തിന്റ പകർപ്പ് നഷ്ടപ്പെട്ടത് 45 വർഷങ്ങൾക്കു മുൻപാണ്. വേലായുധന്റെ പിതാവ് കൃഷ്ണന് എഴുതി കിട്ടിയ ഭൂമിയാണ് 14 സെന്റ് സ്ഥലം. ഇത് വീണ്ടെടുക്കാൻ നിരവധി തവണ ബന്ധപ്പെട്ട ഓഫീസുകളിൽ കയറിയിറങ്ങിയെങ്കിലും രേഖകൾ ഒന്നും തന്നെ ലഭിച്ചില്ല. തുടർന്നാണ് തലോരിൽ നടന്ന നവകേരള സദസിൽ അപേക്ഷ സമർപ്പിച്ചത്. തുടർന്ന് നെല്ലായി രജിസ്ട്രാർ ഓഫീസർക്ക് ലഭിച്ച നിർദ്ദേശത്തിന്റെ ഫലമായാണ് മൂലാധാരം കണ്ടെത്താൻ സാധിച്ചത്. കെ.കെ. രാമചന്ദ്രൻ എം.എൽ.എ. ആധാരത്തിന്റെ പകർപ്പ് വീട്ടിലെത്തി കൈമാറി. ആധാരത്തിന്റെ പകർപ്പ് കൈമാറുന്ന ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, എൻ.പി. അഭിലാഷ്, സീബ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.