അഴീക്കോട്-മുനമ്പം കടവിൽ സർവീസ് നടത്തുന്ന ബോട്ട്.
കൊടുങ്ങല്ലൂർ : അഴീക്കോട്-മുനമ്പം കടവിൽ ബോട്ട് സർവീസിന് തുടക്കമായി. അഴീക്കോട്-മുനമ്പം പാലത്തിനായുള്ള തൂണുകളുടെ നിർമ്മാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ നിലവിലുണ്ടായിരുന്ന ജങ്കാർ സർവീസ് കഴിഞ്ഞ ഡിസംബർ 31ന് നിറുത്തിവച്ചിരുന്നു. മുനമ്പത്ത് ബോട്ട് അടുപ്പിക്കാനുള്ള സ്ഥലവും സംവിധാനങ്ങളും ഇല്ലാതിരുന്നതാണ് സർവീസ് ആരംഭിക്കുന്നത് വൈകാൻ കാരണമെന്നാണ് പറയുന്നത്. മുനമ്പത്ത് നേരത്ത ജങ്കാർ അടുത്തിരുന്ന സ്ഥലത്തിന്റെ കിഴക്ക് വശമാണ് ബോട്ട് അടുപ്പിക്കുന്നതിന് പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുള്ളത്. എന്നാൽ അഴീക്കോട് ജെട്ടിയിൽ തന്നെയാണ് ബോട്ട് സർവീസിനായി താത്കാലിക പ്ലാറ്റ്‌ഫോം നിർമ്മിച്ചിട്ടുള്ളത്. തൃശൂർ ജില്ലാ പഞ്ചായത്തിന് കീഴിൽ ജങ്കാർ സർവീസ് നടത്തിവന്നിരുന്ന കരാറുകാരന് തന്നെയാണ് ബോട്ട് സർവീസിന്റെ താത്കാലിക നടത്തിപ്പ് ചുമതല. പുതിയ നടത്തിപ്പുകാരനെ കണ്ടെത്താൻ ജില്ലാ പഞ്ചായത്ത് ഫെബ്രുവരി രണ്ടിന് ലേലത്തിന് വച്ചിട്ടുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളുമാണ് ജങ്കാർ സർവീസിലൂടെ കടന്നുപോയിരുന്നത്. എന്നാൽ സർവീസ് ഇല്ലാതായതോടെ നിരവധി വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളികളും 15 കിലോമീറ്റർ ചുറ്റിയാണ് മറുകരയിൽ എത്തിയിരുന്നത്.
ബദൽ മാർഗം എന്ന നിലയിൽ ഇപ്പോൾ ആരംഭിച്ചിട്ടുള്ളത് ചെറിയ ബോട്ട് കൊണ്ടുള്ള സർവീസാണെന്നും ഇത് ആഴമുള്ള അഴിമുഖത്ത് അപകടം വിളിച്ചുവരുത്തുമെന്നും വിമർശനം ഉയർന്നിട്ടുണ്ട്. മുൻകാലങ്ങളിൽ ഇവിടെ ബോട്ട് സർവീസ് നടത്തിയതിനെ തുടർന്ന് യാത്രക്കാർ അപകടത്തിൽപ്പെട്ട ചരിത്രമുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. അഴിമുഖത്തോട് കൂടിയുള്ള ഇവിടം അടിയൊഴുക്ക് ശക്തമാണെന്നും എറാവ് (ബോട്ടിന്റെ അടിഭാഗം) ഇല്ലാത്ത ബോട്ടാണ് ഇപ്പോൾ സർവീസിനായി കൊണ്ടു വന്നിരിക്കുന്നതെന്നും അഴീക്കോട് മനുഷ്യാവകാശ കൂട്ടായ്മ നിർവാഹ സമിതി യോഗം ആരോപിച്ചു. വെറും 40 ആളുകളുടെ കപ്പാസിറ്റിയുള്ള ബോട്ട് പിൻവലിച്ച് ജങ്കാർ സർവീസ് തന്നെ വേഗം പുനഃസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കളക്ടർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും മനുഷ്യാവകാശ കൂട്ടായ്മ കത്ത് നൽകി.