1

തൃശൂർ: സാഹിത്യ അക്കാഡമി, സാംസ്‌കാരിക വകുപ്പിന്റെ പിന്തുണയോടെ 28 മുതൽ ഫെബ്രുവരി 3 വരെ നടത്തുന്ന സാർവദേശീയ സാഹിത്യോത്സവത്തിൽ നൂറിലേറെ സെഷനിലായി അഞ്ഞൂറോളം എഴുത്തുകാരും ചിന്തകരും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. 28ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാറാ ജോസഫ് ഫെസ്റ്റിവൽ പതാക ഉയർത്തും. മന്ത്രിമാരായ സജി ചെറിയാൻ, ഡോ.ആർ.ബിന്ദു, കെ.രാജൻ, കെ.രാധാകൃഷ്ണൻ, എം.ടി.വാസുദേവൻ നായർ, എം.കെ.സാനു, അശോക് വാജ്‌പേയി, ടി.എം.കൃഷ്ണ, പ്രകാശ് രാജ്, ആസ്‌ത്രേലിയൻ കവി ലെസ് വിക്ക്‌സ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ടൗൺഹാളിൽ പുസ്തകോത്സവമുണ്ടാവും. അക്കാഡമിയിലും ടൗൺഹാളിലുമായി പ്രകൃതി, മൊഴി, പൊരുൾ, അറിവ് എന്നീ നാലു വേദികളിലാണ് സാഹിത്യോത്സവം. സാഹിത്യം, സംഗീതം, സിനിമ, നാടകം, ചിത്രകല, സാമൂഹ്യ, സയൻസ് വിഷയങ്ങൾ, മാദ്ധ്യമങ്ങൾ തുടങ്ങിയവയിൽ നാലുവേദികളിലും സമാന്തരമായി ചർച്ചകൾ, പ്രഭാഷണങ്ങൾ, സംഭാഷണം തുടങ്ങിയവ നടക്കും. ടി.പത്മനാഭൻ, എം.മുകുന്ദൻ, മാനസി, സാറാ ജോസഫ്, ചന്ദ്രമതി, വൈശാഖൻ, എൻ.എസ്.മാധവൻ, സക്കറിയ, ഖദീജ മുംതാസ്, അശോകൻ ചരുവിൽ, കെ.പി.രാമനുണ്ണി, വി.ജെ.ജെയിംസ്, ശീതൾ ശ്യാം, വിജയരാജമല്ലിക, കെ.ജി.എസ്, അടൂർ ഗോപാലകൃഷ്ണൻ, ശശികുമാർ, സിദ്ധാർത്ഥ വരദരാജൻ, വിനോദ് ജോസ്, എം.എ.ബേബി, ബിനോയ് വിശ്വം, എം.സ്വരാജ്, എം.ബി.രാജേഷ്, എ.എൻ.ഷംസീർ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവരും പങ്കെടുക്കും.

ആദ്യത്തെ ആറ് ദിവസവും ടി.എം.കൃഷ്ണയുടെ സംഗീതക്കച്ചേരി, കലാമണ്ഡലത്തിന്റെ കഥകളി, അനിൽ വാജ്‌പേയിയുടെ റാഫി ഗാനനിശ, ഭാസഭേരിയുടെ നാടകം, പുഷ്പാവതിയുടെ സംഗീതം, രചിതാ രവിയുടെ നൃത്തം തുടങ്ങിയവ കലാപരിപാടികളും ഉണ്ടാകും. സിനിമാ സ്‌ക്രിപ്‌റ്റ് രചനയുടെ ഒരു ശിൽപ്പശാലയും, തങ്ങൾക്ക് എന്ത് സാഹിത്യമാണ് ആവശ്യമെന്ന് കുട്ടികൾ തന്നെ പറയുന്ന കുട്ടിക്കൂട്ടവുമുണ്ടാകും. ഫെബ്രുവരി മൂന്നിന് വൈകിട്ട് നാലിന് പ്രമുഖർ പങ്കെടുക്കുന്ന സമാപന സമ്മേളനത്തോടെ ഉത്സവത്തിന് തിരശ്ശീല വീഴും. അക്കാഡമി സെക്രട്ടറി സി.പി.അബൂബക്കർ, എൻ.രാജൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.