ചാലക്കുടി: നഗരസഭയുടെ പുതിയ മാസ്റ്റർ പ്ലാനിന് സർക്കാരിന്റെ അന്തിമാനുമതി ലഭിച്ചു. നഗരസഭക്ക് പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് 2013ൽ സർക്കാർ നിർദ്ദേശിച്ചിരുന്നു. ജില്ലാ ടൗൺ പ്ലാനിംഗ് വിഭാഗത്തിനാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ചുമതല നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ തലങ്ങളിൽ നടന്ന ചർച്ചകളും അഭിപ്രായങ്ങളും പരിഗണിച്ച് ടൗൺ പ്ലാനിംഗ് വിഭാഗം തയ്യാറാക്കിയ കരട് മാസ്റ്റർ 2017 ൽ നഗരസഭാ സെക്രട്ടറിക്ക് കൈമാറി. എന്നാൽ ഇതിൽ വ്യാപക പരാതികൾ ഉയർന്നിരുന്നു. പ്രധാനപ്പെട്ട മുഴുവൻ റോഡുകളും നിലവിലുള്ളതിനേക്കാൾ ഇരട്ടിയായി വീതി വർദ്ധിച്ചു. പല ജനവാസ മേഖലകളും പൊതു പദ്ധതികൾക്കായ് നിർദ്ദേശിക്കപ്പെട്ടു. ഇവിടെയെല്ലാം വീടുകൾ ഉൾപ്പെടെ കെട്ടിട നിർമ്മാണങ്ങൾക്ക് തടസമുണ്ടായി. തുടർന്ന് കൗൺസിൽ യോഗം ചേർന്ന് പൊതു ജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും പരാതി സ്വീകരിച്ച് ഭേദഗതി കരട് പട്ടിക സർക്കാരിന് സമർപ്പിക്കുകയായിരുന്നു. ഇപ്പോൾ അന്തിമ അനുമതി ലഭിച്ചു. അടുത്ത ദിവസത്തിൽ ഗസറ്റ് വിജ്ഞാപനത്തോടെ പ്രാബല്യത്തിലാവും.