trible-colony

തൃശൂർ: അതിരപ്പള്ളി ഊരുകളിലെ ആത്മഹത്യാ പ്രവണത അമ്പരപ്പിക്കുന്നതെന്ന് വനിതാ കമ്മിഷൻ. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇവിടെയുള്ളവർക്ക് ജീവിതത്തിൽ പുതുപ്രതീക്ഷ നൽകാനാകണമെന്ന് അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു. പട്ടികവർഗ മേഖലാക്യാമ്പിന്റെ ഭാഗമായി അതിരപ്പള്ളി പഞ്ചായത്തിലെ അരൂർമുഴി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഊരു നിവാസികൾക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള തടസം പരിഹരിക്കണം. ജീവിത പ്രശ്‌നങ്ങളെ നേരിടാനുള്ള ഉൾക്കരുത്ത് ഓരോ വ്യക്തിയും നേടണം. ഊരുകളിലെ പ്രശ്‌നങ്ങൾ ഒറ്റയടിക്ക് മാറില്ല. പ്രശ്‌നങ്ങളെ ഘട്ടം ഘട്ടമായി ലഘൂകരിക്കണമെന്നും പറഞ്ഞു.
നിയമത്തെപ്പറ്റി അറിഞ്ഞാലേ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ നേടാൻ സാധിക്കൂ. അന്തസോടെ, ആത്മാഭിമാനത്തോടെ തൊഴിലെടുത്ത് ജീവിക്കാൻ അവകാശമുണ്ടെന്നും അവർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗങ്ങളായ അഡ്വ.ഇന്ദിര രവീന്ദ്രൻ, വി.ആർ.മഹിളാമണി, അഡ്വ.പി.കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, റിസർച്ച് ഓഫീസർ എ.ആർ.അർച്ചന, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സവിത പി.ജോയ്, അഡ്വ.പ്രിയ മോൾ എന്നിവർ പ്രസംഗിച്ചു. പി.സതീദേവിയും മറ്റംഗങ്ങളും വാച്ച് മരം, ആനക്കയം പോത്തുപാറ, പിള്ളപ്പാറ വാഴച്ചാൽ ആദിവാസി കോളനികൾ സന്ദർശിച്ചു. സ്ത്രീകളിൽ നിന്നും കുടുംബ പ്രശ്‌നങ്ങൾ ചോദിച്ചറിയുകയും ചെയ്തു.