salute

തൃശൂർ: രാജ്യത്തിന്റെ നേട്ടം താഴെ തട്ടിലെത്തിക്കണമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പതാകയുയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണം. ജാതി, മത, ഭാഷ, ആചാരാനുഷ്ഠാനങ്ങളെ ഉൾക്കൊണ്ട് രാജ്യത്തിന്റെ ബഹുസ്വരത നിലനിറുത്തണം. സ്വാതന്ത്ര്യത്തിലുപരി ദാരിദ്ര്യത്തെ ഇല്ലാതാക്കിയാലേ തുല്യതയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. പൊലീസ്, എക്‌സൈസ്, ഫയർ ആൻഡ് റെസ്‌ക്യൂ, ഫോറസ്റ്റ്, എസ്.പി.സി, എൻ.സി.സി, ടീം കേരള, ടീം കേരള യൂത്ത് ഫോഴ്‌സ് ഉൾപ്പെടെ 20 പ്ളറ്റൂണുകൾ അണിനിരന്നു.

സെന്റ് ആൻസ് കോൺവെന്റ്, സെന്റ് ജോസഫ് കോൺവെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബാൻഡ് പ്ളറ്റൂൺ പരേഡിന് മിഴിവേകി. വനിതാസെൽ സി.ഐ പി.വി.സിന്ധു പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പ് എസ്.ഐ പി.വി.ശിവശങ്കരനായിരുന്നു സെക്കൻഡ് ഇൻ കമാൻഡ്. മികച്ച പ്രകടനം കാഴ്ചവെച്ച പ്ലറ്റൂണുകൾക്ക് മന്ത്രി മൊമെന്റോ സമ്മാനിച്ചു. മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, സിറ്റി ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകൻ, റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ്മ, കളക്ടർ കൃഷ്ണതേജ, സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.