tailor

തൃശൂർ : വർഷങ്ങളോളം ക്ഷേമനിധിയിൽ അംശാദായം അടച്ചിട്ടും അറുപത് വയസ് കഴിഞ്ഞാൽ ലഭിക്കേണ്ട വിരമിക്കൽ ആനുകൂല്യം ലഭിക്കാതെ 1400 ഓളം തയ്യൽ തൊളിലാളികൾ. 10,000 മുതൽ 15,000 രൂപ വരെ ഓരോരുത്തർക്കും ലഭിക്കാനുണ്ട്. ഇതിലൂടെ കോടികളാണ് തൊഴിൽ വകുപ്പ് ജില്ലയ്ക്ക് മാത്രം നൽകാനുള്ളത്. തുക ലഭിക്കാനുള്ളവരിൽ ഭൂരിഭാഗവും സ്ത്രീ തൊഴിലാളികളാണ്. നേരത്തെ പ്രതിമാസം 20 രൂപ അംശാദായം അടച്ചവരാണിവർ.

ഒന്നാം എൽ.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് അംശാദായം 20 രൂപ എന്നത് അമ്പത് രൂപയാക്കി വർദ്ധിപ്പിക്കുകയും റിട്ടയർമെന്റ് അനുകൂല്യം 60,000ൽ നിന്ന് 15 ലക്ഷമാക്കി ഉയർത്തുകയും ചെയ്‌തെങ്കിലും ഗുണഫലം അംഗങ്ങൾക്ക് ലഭിക്കാത്ത വിധത്തിലാണ് പലിശ കണക്കാക്കുന്നതെന്ന് ടൈലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. നവകേരള സദസിൽ ഇത് സംബന്ധിച്ച് എല്ലാ ജില്ലകളിലും പരാതി നൽകിയെങ്കിലും അവയെല്ലാം ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് അയച്ചു. സർക്കാർ തലത്തിലെടുക്കേണ്ട തീരുമാനം ജില്ലാ തലങ്ങളിലേക്ക് അയച്ച് തയ്യൽ തൊഴിലാളികളെ പരിഹസിക്കുകയാണെന്നും ഇവർ പറയുന്നു.

പ്രസവാനുകൂല്യവും കുടിശിക

രണ്ട് പ്രസവത്തിന് ക്ഷേമനിധിയിൽ നിന്ന് 15,000 രൂപ വീതം പ്രസവാനുകൂല്യം ഉണ്ടെങ്കിലും മൂന്ന് വർഷമായി ഇതും കുടിശികയാണ്. ആദ്യഗഡുവായി നൽകുന്ന 2000 രൂപയാണ് ലഭിച്ചത്. ബാക്കി 13,000 രൂപ നൂറ് കണക്കിന് സ്ത്രീകൾക്കാണ് ലഭിക്കാനുള്ളത്. അതേസമയം വിദ്യാഭ്യാസ ആനുകൂല്യവും തുടർപഠനത്തിനുള്ള അനുകൂല്യവും കൃത്യമായി നൽകുന്നുണ്ട്.

ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച്

തയ്യൽ തൊഴിലാളികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് 31ന് രാവിലെ പത്തിന് ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ഞൂറോളം പേർ മാർച്ചിൽ പങ്കെടുക്കുമെന്ന് വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം.കെ.പ്രകാശൻ, പ്രസിഡന്റ് അബ്ദുൾ ഖാദർ എടവിലങ്ങ്, പി.എം.പുഷ്പകുമാരി, ജോസ് തേറാട്ടിൽ എന്നിവർ പറഞ്ഞു.


റിട്ടയർമെന്റ് ആനുകൂല്യം വെട്ടിക്കുറച്ചു. വർഷങ്ങളുടെ കുടിശികയുമുണ്ട്. അംശാദായം 20 രൂപയിൽ നിന്ന് അമ്പത് രൂപയാക്കിയതോടെ, റിട്ടയർമെന്റ് ആനുകൂല്യം വർദ്ധിപ്പിച്ചെങ്കിലും അതിന്റെ ഗുണഫലം ലഭിക്കാത്ത തരത്തിലുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.

എം.കെ.പ്രകാശൻ
ജില്ലാ സെക്രട്ടറി.