
തൃശൂർ : ശ്രീരാമനെ കുറിച്ച് പി.ബാലചന്ദ്രൻ എം.എൽ.എയുടെ ഫേസ് ബുക്ക് പോസ്റ്റിൽ സി.പി.ഐക്കെതിരെ എൽ.ഡി.എഫിൽ കടുത്ത വിമർശനമുണ്ടായേക്കും. തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കേ സി.പി.ഐയുടെ മുതിർന്ന നേതാവ് കൂടിയായ എം.എൽ.എയുടെ നടപടിക്കെതിരെ സി.പി.എം കടുത്ത എതിർപ്പ് സൂചിപ്പിച്ചെന്നാണ് വിവരം. ജില്ലാ നേതൃത്വത്തെ ഇത് നേരിട്ടറിയിച്ചതായും സൂചനയുണ്ട്. വരും ദിവസങ്ങളിൽ നടക്കുന്ന എൽ.ഡി.എഫ് യോഗത്തിലും വിമർശനമുണ്ടായേക്കും. ജില്ലയിൽ കരുവന്നൂർ വിഷയം ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികൾക്കിടയിലാണ് എം.എൽ.എയുടെ ഭാഗത്തുനിന്ന് ഇത്തരം പരാമർശമുണ്ടായത്. ശക്തമായ ത്രികോണ മത്സരം വന്നാൽ കൈവിട്ടുപോയ തൃശൂർ വീണ്ടെടുക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് എൽ.ഡി.എഫ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനമാണ് ആത്മവിശ്വാസം. എം.എൽ.എ പോസ്റ്റ് പിൻവലിച്ച്, സി.പി.ഐ ജില്ലാ നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും ബി.ജെ.പിയും സംഘപരിവാർ പ്രസ്ഥാനങ്ങളും പ്രക്ഷോഭമുൾപ്പെടെയായി രംഗത്തെത്തിയിരുന്നു. അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠയുടെ ആവേശത്തിൽ സംഘപരിവാർ പ്രസ്ഥാനങ്ങൾ നിൽക്കുമ്പോഴാണ് രാമനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരമൊരു പോസ്റ്റ് വീണു കിട്ടിയത്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ, പ്രതിപക്ഷം ഇക്കാര്യം കുത്തിപ്പൊക്കിയേക്കും. ഫെബ്രുവരി ആദ്യവാരത്തിൽ തൃശൂരിൽ കോൺഗ്രസിന്റെ മഹാറാലിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന പദയാത്രയുമെല്ലാം നടക്കാനിരിക്കുകയാണ്.
വിടാതെ ബി.ജെ.പി
എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വരുംദിവസം ശക്തമായ പ്രചരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി ജില്ലാ നേതൃത്വം. കഴിഞ്ഞ ദിവസം എം.എൽ.എയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല. അതുകൊണ്ട് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. അടുത്ത ദിവസം ഇത് സംബന്ധിച്ച നടപടിയിലേക്ക് കടക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ പറഞ്ഞു.
കൈവിട്ടുപോകും മുമ്പ് പ്രതികരണം
എം.എൽ.എയുടെ ഫേസ് ബുക്ക് പോസ്റ്റ് കൈവിട്ടു പോകുമെന്ന് മനസിലാക്കിയ ഉടനെ പോസ്റ്റ് പാർട്ടി നിലപാടല്ലെന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ വ്യക്തമാക്കി പ്രസ്താവനയിറക്കാനായത് സി.പി.ഐക്ക് നേട്ടമായി. നേതൃത്വം ഇടപെട്ട് ഫേസ്ബുക്ക് പോസ്റ്റ് ഒഴിവാക്കി, എം.എൽ.എയെ കൊണ്ട് ഖേദപ്രകടനം നടത്തിക്കാനുമായി.