
തൃശൂർ: രാമനാമ ജപം കണ്ണടച്ചിരുന്ന് കേൾക്കുന്നതിനിടെ കണ്ണീർ ധാരയായി ഒഴുകിയ എഴുപത്തിയഞ്ചുകാരി ശാന്തയെ തലോടി ഷമീറ ഷാഹുൽ പറഞ്ഞു; 'അമ്മേ, കരയേണ്ട. കണ്ണു തുറക്ക്'.
മുമ്പ് പതിവായി ക്ഷേത്രത്തിൽ പോയിരുന്ന കല്ലൂർ സ്വദേശി വൃദ്ധയുടെ സാന്ത്വനത്തിനായാണ് ജീവിതത്തിലാദ്യമായി തൃക്കൂർ വലിയപള്ളി വലിയകത്ത് വീട്ടിൽ ഷമീറ(40) 'രാമരാമ രാമരാമ രാമരാമ പാഹിമാം, രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം' ഏറ്റുചൊല്ലിയത്. ഒപ്പമുണ്ടായിരുന്ന ആശാ പ്രവർത്തക തൃക്കൂർ മതിക്കുന്ന് അമ്പലത്തിനടുത്തുള്ള രാജി പ്രസാദ് ചൊല്ലിക്കൊടുത്തു. വാർദ്ധക്യസഹജമായ അസുഖങ്ങളുള്ള ശാന്തയെ ഇവർ കണ്ടുമുട്ടിയത്, കഴിഞ്ഞയാഴ്ച നടന്ന പാലിയേറ്റീവ് പരിശീലനത്തിന്റെ ഭാഗമായി നടന്ന ഗൃഹ സന്ദർശനത്തിനിടെയായിരുന്നു.
ആശാ പ്രവർത്തക ഉഷ, പാലിയേറ്റീവ് പ്രവർത്തകൻ കെ.പി.ജോസ് തുടങ്ങിയവരുമുണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് വീഴ്ചയെ തുടർന്നാണ് ഇവർ കിടപ്പിലായത്. എന്താണ് വേണ്ടതെന്ന് പ്രവർത്തകർ ചോദിച്ചപ്പോൾ ശാന്ത ഒന്നും മിണ്ടിയില്ല. വല്ലപ്പോഴും ഒന്നോ രണ്ടോ വാക്ക് മാത്രമേ സംസാരിച്ചിരുന്നുള്ളൂ. നാമം ചൊല്ലട്ടേയെന്ന് ചോദിച്ചപ്പോൾ ചിരിച്ച് തലയാട്ടി. തുടർന്ന് വീട്ടിൽതന്നെയുള്ള പുസ്തകമെടുത്ത്, മുമ്പ് സപ്താഹത്തിൽ വായിച്ചിട്ടുള്ള രാജി ചൊല്ലാൻ തുടങ്ങി. രാമരാമ രാമരാമ പാഹിമാം എന്ന് ആവർത്തിക്കുന്ന ഭാഗം ഷമീറ ഏറ്റുചൊല്ലി. യാത്ര ചോദിക്കുമ്പോൾ പേകേണ്ടെന്ന് ശാന്ത അവ്യക്തമായി പറയുന്നുണ്ടായിരുന്നു.
പാലിയേറ്റീവിൽ പിന്തുണയുമായി കുടുംബം
പാലിയേറ്റീവ് പ്രവർത്തനത്തിൽ ഒട്ടോഡ്രൈവറായ ഭർത്താവ് ഷാഹുലിന്റെയും മക്കളുടെയും പിന്തുണ ഷമീറയ്ക്കുണ്ട്. ഷാഹുലിന്റെ രോഗിയായ വൃദ്ധമാതാവിനുള്ള ഭക്ഷണവും മരുന്നും ഒരുക്കിവച്ചാണ് സേവനത്തിനിറങ്ങുക. മക്കൾ: ഹാജിറാബി, മുഹമ്മദ് ഷാനവാസ്, മുഹമ്മദ് അബുതാഹിർ.
ക്രിസ്ത്യൻ, മുസ്‌ളീം ഭവനങ്ങളിലും രോഗികളുടെ സാന്ത്വനത്തിനായി അവരുടെ പ്രാർത്ഥനകൾ ചൊല്ലിയിട്ടുണ്ട്. രാമനാമം ചൊല്ലുന്നത് ആദ്യം.
ഷമീറ.
അമ്മ ഭക്തയാണെന്ന് മനസിലായി. തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമിയെന്ന പാട്ടിന്റ നാല് വരിയാണ് ആദ്യം പാടിയത്.
രാജി.