തൃശ്ശൂർ : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 23.3 കോടിയുടെ പുതിയ എമർജൻസി ക്രിട്ടിക്കൽ കെയർ കെട്ടിടം. 50 ബെഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയാണ് പദ്ധതി ആരംഭിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പി.എം അഭിം പദ്ധതി പ്രകാരമാണ് ഐ.സി.യു കെട്ടിടവും സൗകര്യങ്ങളും.
പ്രിൻസിപ്പാൾ, സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനായി ഡോ. ലിജോ ജെ. കൊള്ളന്നൂരിനെ മോഡൽ ഓഫീസറായി നിയമിച്ചു. പൂർണ്ണമായും കേന്ദ്രസർക്കാർ ആവിഷ്‌കൃത പദ്ധതിയായ നൈപുണ്യ വികസന കേന്ദ്രത്തിന്റെ പ്രവർത്തനം അടുത്ത ആഴ്ച ആരംഭിക്കുമെന്ന് രമ്യ ഹരിദാസ് എം.പി അറിയിച്ചു. ഉദ്യോഗസ്ഥരുടെ വികസന അവലോകന യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു അവർ. ഇന്ത്യയിലെ രണ്ടാമത്തേതും, കേരളത്തിലെ ആദ്യത്തെതുമായ നൈപുണ്യ വികസന കേന്ദ്രത്തിന്റെ പ്രവർത്തനമാണ് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് ഇതിലൂടെ ലഭിക്കുന്ന പരിശീലനം വലിയ മുതൽക്കൂട്ട് ആകുമെന്നും എം.പി. പറഞ്ഞു. നൈപുണ്യ വികസന കേന്ദ്രത്തിന്റെ നടത്തിപ്പിന് ആവശ്യമായ 3.14 കോടി രൂപ പൂർണ്ണമായും കേന്ദ്ര സർക്കാർ ആവിഷ്‌കൃത പദ്ധതിയാണ്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി ഷീലഅദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ബി.എസ്.സുനിൽകുമാർ, നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് ഡോ. ഷഹന കാദർ, ഡോ.സി.രവീന്ദ്രൻ, ഡോ. എം.രാധിക, ബി.ഷാഹിന, വിവിധ വകുപ്പ് മേധാവികൾ, കെ. അജിത് കുമാർ, എൻ. എ.സാബു, ജിജോ കുര്യൻ, കെ.എൻ .നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.


ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് തൃശൂർ മെഡിക്കൽ കോളേജിനെ ടെർഷറി കാൻസർ സെന്റർ ആയി ഉയർത്തുന്നതിനുള്ള അടിയന്തര ശ്രമങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ടു നടപ്പാക്കും
( രമ്യ ഹരിദാസ് എം.പി)