kshee
ക്ഷീരസംഗമത്തിൻ്റെ സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

ചേലക്കര: തീറ്റപ്പുൽ കൃഷി, കാലിത്തീറ്റ, പശുവളർത്തൽ എന്നിവയ്ക്ക് സബ്‌സിഡി നൽകി പാൽ ഉത്പ്പാദനത്തിൽ കേരളത്തെ സ്വയം പര്യാപ്തമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥലം ലഭ്യമാകുന്ന മുറക്ക് ചേലക്കരയിൽ ഡയറി സയൻസ് കോളേജ് അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേശീയ മൃഗസംരക്ഷണ വകുപ്പ് ഏറ്റവും ഗുണമേന്മയുള്ള പാലായി തെരഞ്ഞെടുത്തത് കേരളത്തിന്റെ മലബാർമേഖല യൂണിയന്റെ പാലാണെന്നും കേരളത്തിലെ ക്ഷീരകർഷകർക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടിയെടുക്കും. സംസ്ഥാനത്ത് 50 പഞ്ചായത്തുകളിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുമെന്നും ചർമ്മ മുഴ ബാധിച്ച് ചത്ത 800 ഓളം പശുക്കൾക്കുള്ള ധനസഹായം നൽകുമെന്നും സമഗ്ര ഇൻഷുറൻസ് പദ്ധതിയിലൂടെ എല്ലാ പശുക്കളെയുംഇൻഷുർ ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ജില്ലയിലെ ക്ഷീരഗ്രാമംപദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്ത ചൊവ്വന്നൂർ ബ്ലോക്കിലെ വേലൂർ പഞ്ചായത്തിനെ അനുമോദിച്ചു. വിവിധ അവാർഡ് നേടിയ കർഷകരെ ആദരിച്ചു. ഡയറി സയൻസ് കോളേജ് ആരംഭിക്കാൻ സ്ഥലം കണ്ടെത്തുന്നതിനുള്ള സത്ത്വര നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷ്രഫ്, ജില്ല ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. വീണ, കേരള ഫീഡ്‌സ് ചെയർമാൻ കെ.ശ്രീകുമാർ, എറണാകുളം മേഖലാ ക്ഷീരോൽപാദക സഹകരണ യൂണിയൻ ചെയർമാൻ എം.ടി. ജയൻ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആർ. രാംഗോപാൽ,സിനില ഉണ്ണിക്കൃഷ്ണൻ, കെ.വി. നഫീസ, പഞ്ചായത്ത് പ്രസിഡന്റ്മാരായ എസ്. ബസന്ത് ലാൽ, കെ.ശശിധരൻ , ഷെയ്ക്ക് അബ്ദുൽ ഖാദർ, എം.കെ. പത്മജ, കെ.പി. ശ്രീജയൻ, ഭാസ്‌കരൻ ആദംകാവിൽ, താര ഉണ്ണിക്കൃഷ്ണൻ, എൻ.സത്യൻ, ഷാജു വെളിയൻ എന്നിവർ പ്രസംഗിച്ചു.