
ചാലക്കുടി : 66 കോടിയുടെ ജപ്തി ഭീഷണി നേരിടുന്ന നഗരസഭയുടെ ബാങ്ക് അക്കൗണ്ട് റവന്യൂ വകുപ്പ് മരവിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിലുള്ള അക്കൗണ്ടാണ് ചാലക്കുടി തഹസിൽദാരുടെ ഉത്തരവ് പ്രകാരം മരവിപ്പിച്ചത്. ഇതോടെ സഭയുടെ ഓൺ അക്കൗണ്ടിൽ ഫണ്ട് വിനിമയം നടത്താൻ കഴിയാത്ത അവസ്ഥയായി. ഗുരുതരമായ പ്രതിസന്ധിയിലേയ്ക്ക് നഗരസഭ കൂപ്പുകുത്തി. ഇൻഡോർ സ്റ്റേഡിയത്തിന് ഭൂമി അക്വയർ ചെയ്ത വകയിൽ, ഉടമകൾക്ക് നൽകാനുണ്ടായിരുന്ന 27 കോടി രൂപ സിയാൽ കമ്പനിയാണ് അടച്ചത്. സർക്കാർ വസ്തുക്കൾ ജപ്തി ചെയ്യുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ് കോടതി നിർദ്ദേശപ്രകാരം സർക്കാരിലേക്ക് നൽകേണ്ട ലാഭവിഹിതം സിയാൽ അധികൃതർ നഗരസഭയ്ക്കായി കോടതിയിൽ കെട്ടിവച്ചു. ഇതോടെ ചാലക്കുടി നഗരസഭയുടെ ബാദ്ധ്യത നേരിട്ട് സർക്കാരിന്റെ ചുമലിലായി. ഇതു തിരിച്ചുപിടിക്കുന്നതിനാണ് വീണ്ടും റവന്യൂ വകുപ്പ് നടപടിയാരംഭിച്ചത്. തുക എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കൗൺസിൽ സർക്കാരിന് അപേക്ഷ സമർപ്പിച്ചു. എന്നാൽ ഇതൊന്നും സർക്കാർ വകവെച്ചില്ല.
36 കോടി നഗരസഭ വാട്ടർ അതോറിറ്റിക്ക് നൽകാനുള്ളതാണ്. പൊതുടാപ്പിൽ നിന്നും വെള്ളം ഉപയോഗിച്ചതിന്റെ പതിറ്റാണ്ടുകളായുള്ള കുടിശ്ശികയാണിത്. തുകയുടെ സിംഹഭാഗവും നഗരസഭ അടയ്‌ക്കേണ്ടതല്ലെന്ന് കാട്ടി വാട്ടർ അതോറിറ്റി എം.ഡിക്കും സർക്കാരിനും അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് നിരസിച്ച ജലവിഭവ വകുപ്പ്, കുടിശ്ശികത്തുക തിരിച്ചെടുക്കുന്നതിന് ജപ്തി നടപടിയിലേക്ക് കടക്കുകയായിരുന്നു.