പുത്തൻചിറ: 17 വർഷമായി തരിശ് കിടന്ന 40 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ചേന്ദങ്കരി പാടശേഖരത്തിൽ വീണ്ടും നെൽക്കൃഷിയിറക്കി. നെൽക്കൃഷി ലാഭകരമല്ലെന്ന് കണ്ടും ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയും കൊണ്ട് ഒന്നരപ്പതിറ്റാണ്ടിന് മുൻപ് ഇവിടെ കൃഷി ഉപേക്ഷിച്ചതായിരുന്നു.

അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും വികസന പ്രവർത്തനങ്ങൾക്കുമായി എം.എൽ.എ ഫണ്ടിൽ നിന്നും 6 ലക്ഷവും പഞ്ചായത്തിന്റെ 65000 രൂപയും ഉൾപ്പെടെ 665,000 രൂപയുടെ വികസനപ്രവർത്തനങ്ങൾ പൂർത്തീകരിച്ചാണ് വീണ്ടും കൃഷിയിറക്കിയത്. വൈദ്യുതിയെത്തിച്ച് രണ്ട് മോട്ടോർ ഷെഡ്ഡുകളും ജലസേചനത്തിനായി പാടശേഖരക്കിൽ ഒരുക്കിയിട്ടുണ്ട്.

120 ദിവസം മൂപ്പുള്ള ഉമ വിത്താണ് ചേന്ദങ്കരി പാടശേഖരത്തിൽ ഞാറ്റടിക്കായി ഉപയോഗിച്ചിരിക്കുന്നത്. 20 ഓളം കർഷകരാണ് അധികൃതരുടെ സഹകരണത്തോടെ ഇന്നലെ പുഞ്ചക്കൃഷിയിറക്കിയത്. ഇതിൽ പാട്ടക്കർഷകരും ഉൾപ്പടും.

നടീൽ ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സംഗീത അനീഷ്, കൃഷി ഓഫീസർ രേഷ്മ, പാടശേഖര സമിതി സെക്രട്ടറി ജോപ്പി മങ്കിടിയാൻ, പ്രസിഡന്റ് തോമാസ് കൈതാരത്ത്, കർഷർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് കൂടുതൽ സ്ഥലത്തേക്ക് കൃഷി വർദ്ധിപ്പിക്കാനാവശ്യമായ നടപടികൾ പഞ്ചായത്ത് സ്വീകരിക്കും. പഞ്ചായത്തിനെ തരിശ് രഹിത പഞ്ചായത്താക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ തുടരും.

- റോമി ബേബി, പ്രസിഡന്റ്