kanga

തൃശൂർ:നൂറ്റാണ്ടുകളായി മനുഷ്യന്റെ കണ്ണിൽ പെടാതിരുന്ന വടക്കൻ കംഗാരു ഓന്തിനെ ഇടുക്കി കുളമാവിൽ കണ്ടെത്തി. അഞ്ചര മുതൽ എട്ട് സെന്റിമീറ്റർ വരെ മാത്രം നീളമുള്ള കുഞ്ഞൻ ഓന്തിന്റെ ശാസ്‌ത്ര നാമം അഗസ്ത്യഗാമ എഡ്‌ജ്. കംഗാരുവിനെ പോലെ പിൻകാലുകളിൽ നിവർന്ന് നിൽക്കുകയും ഓടുകയും ചെയ്യുന്നതിനാലാണ് കംഗാരു ഓന്ത് എന്ന പേര്.

ലോകത്തിലെ പന്ത്രണ്ടായിരത്തോളം ഉരഗ വർഗത്തിലെ പുതിയ അതിഥിയാണിത്. കണ്ടെത്തൽ ജർമനി സെൻകെൻബർഗ് മ്യൂസിയത്തിന്റെ 'വെർട്ടിബ്രേറ്റ് സുവോളജി'യിൽ പ്രസിദ്ധീകരിച്ചു.

മറ്റ് ഓന്തുകളെ പോലെ മരം കയറില്ല. മണ്ണിൽ, കരിയിലകൾക്കിടയിലാണ് താമസം.
ചെറുപ്രാണികളെ ഭക്ഷിക്കും. ശത്രു സാന്നിദ്ധ്യം അറിഞ്ഞാൽ രണ്ട് കാലിൽ അതിവേഗം കരിയിലകൾക്കിടയിൽ മറയും.

തൊണ്ടയിൽ നീലശൽക്കങ്ങൾക്ക് നടുവിൽ ചുവപ്പും സ്വർണ നിറവുമാണ് ഇവയെ കാഴ്ചയിൽ മറ്റ് ഓന്തിനങ്ങളിൽ നിന്ന് വ്യത്യസ്‌തമാക്കുന്നത്.

മലയാളി ഗവേഷകരായ ഡോ.സന്ദീപ്ദാസ്, ഡോ.കെ.പി.രാജ്കുമാർ, ഡോ.മുഹമ്മദ് ജാഫർ പാലോട്, ഡോ.കെ.സുബിൻ, തമിഴ്‌നാട്ടിലെ ഡോ.വി.ദീപക്, സൂര്യനാരായണൻ, മഹാരാഷ്ട്രയിലെ സൗനക്പാൽ എന്നിവരടങ്ങുന്നതാണ് പഠനസംഘം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സുവോളജി വിഭാഗം, സുവോളജിക്കൽ സർവേ ഒഫ് ഇന്ത്യ, കേരള വനഗവേഷണ സ്ഥാപനം, ബോംബെ, ലണ്ടൻ നാ‌ച്ച്വറൽ ഹിസ്റ്ററി സൊസൈറ്റികൾ, സെൻകെൻബെർഗ് മ്യൂസിയം ജർമനി, ആരണ്യകം നേച്ചർ ഫൗണ്ടേഷൻ എന്നിവയും പഠനത്തിൽ പങ്കെടുത്തു.

വർഷങ്ങളുടെ പഠനം

2014-15ൽ മഹാബലിത്തവളകളുടെ വാൽമാക്രികളെ തേടിയുള്ള യാത്രയിൽ കുളമാവിലെ ബസ് സ്റ്റാൻഡിലാണ് വടക്കൻ കംഗാരു ഓന്തിനെ ആദ്യം കണ്ടത്. അഗസ്ത്യമലയിൽ നേരത്തെ കണ്ടെത്തിയ അഗസ്ത്യഗാമ ബെഡോമി എന്നാണ് കരുതിയത്. ഓന്തുകളുടെ പഠനത്തിൽ വിദഗ്ദ്ധനായ ഡോ.ദീപക്കുമായുള്ള ചർച്ചയിലാണ് മറ്റൊരിനമാണെന്ന് മനസിലായത്. ഇന്ത്യയിലും ലണ്ടനിലും മറ്റുമുള്ള സ്‌പെസിമനുകളുമായി താരതമ്യം ചെയ്ത് രൂപവ്യത്യാസം സ്ഥിരീകരിച്ചു.

പശ്ചിമഘട്ടത്തിൽ ഇനിയും ധാരാളം ജീവികളെ കണ്ടെത്താനും പഠിക്കാനും സംരക്ഷിക്കാനുമുണ്ട്.

ഡോ.സന്ദീപ്ദാസ്
നാഷണൽ പോസ്റ്റ് ഡോക്ടറൽ ഫെലോ
കാലിക്കറ്റ് സർവകലാശാല.