ch


ചേർപ്പ്: പെരുമ്പിള്ളിശേരി സെന്ററിനോട് ചേർന്ന മിത്രാനന്ദപുരം ക്ഷേത്രം റോഡിന്റെ പ്രവേശന ഭാഗത്തെ ഇരു വശങ്ങളും സൈക്കിൾ അടക്കമുള്ള ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമാകുന്നതായി പരാതി. പ്രദേശത്ത് പഞ്ചായത്തും പൊലീസും ചേ‌ർന്ന് പാർക്കിംഗ് നിരോധനമുണ്ടെന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനെല്ലാം പുല്ലു വിലയാണ്.

ഇടുങ്ങിയ വഴിയിൽ വേണ്ടത്ര പാർക്കിംഗ് സംവിധാനം ഇല്ലാത്തതും വാഹന യാത്രക്കാരെ വലയ്ക്കുന്നു. മിത്രാനന്ദപുരം, അമ്മാടം, പൂത്തറയ്ക്കൽ എന്നിവിടങ്ങളിലെത്തുന്ന വിദ്യാർത്ഥികളും തൃശൂരിലേക്കും മറ്റിടങ്ങളിലേക്കും ജോലിക്ക് പോകുന്നവരുമാണ് ഇരുചക്ര വാഹനങ്ങൾ ഇവിടെ നിറുത്തിയിടുന്നത്.

പ്രദേശത്തെ താമസക്കാർക്കും വീടുകൾക്ക് മുന്നിലും മറ്റും വാഹനങ്ങൾ നിറുത്തിയിടുന്നത് ബുദ്ധിമുട്ടാക്കുന്നുണ്ട്. അധികൃതർ പാർക്കിംഗിന് ബദൽ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.