
തൃശൂർ: രാമായണ സാരാംശം ഉൾക്കൊണ്ട് തീർത്ത അഞ്ച് മില്ലിമീറ്റർ നീളവും വീതിയുമുള്ള 'കുഞ്ഞിരാമായണം' പുസ്തകം ഒമ്പത് ഭാഷകളിലേക്ക്. തൃശൂർ പുറനാട്ടുകര സ്വദേശി ആറ്റൂർ സന്തോഷ് കുമാറാണ് 24,000 ശ്‌ളോകത്തിലെ ആശയത്തെ 603 വാക്കിലൊതുക്കി മലയാളത്തിൽ സൂക്ഷ്മ സംക്ഷിപ്ത രാമായണം കഴിഞ്ഞ ജൂലായിൽ പുറത്തിറക്കിയത്.
ഇപ്പോൾ അദ്ധ്യാപകരുടെ സഹായത്തോടെ സംസ്‌കൃതം, ഇംഗ്‌ളീഷ്, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് മൊഴി മാറ്റി, അടുത്ത മാസം പ്രസിദ്ധീകരിക്കും. ബംഗാളി, ഒറിയ, കന്നഡ, തെലുങ്ക്, ഗുജറാത്തി ഭാഷകളിലും പുസ്തകം പുറത്തിറങ്ങും. കഴിയുന്നത്ര ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റാനുള്ള ശ്രമത്തിലാണ് തൃശൂരിൽ പ്രസ് നടത്തുന്ന സന്തോഷ്‌കുമാർ (49). സ്വന്തം പ്രസിലാണ് അച്ചടി. പുത്രകാമേഷ്ഠി മുതൽ രാമന്റെ ജീവിതാന്ത്യം വരെയുള്ള കഥാസാരമുണ്ട്. ഒരു പേജിൽ രണ്ടോ മൂന്നോ വാക്ക്. അ മുതൽ റ വരെ അക്ഷരമാലാ ക്രമത്തിലാണ് ഓരോ പേജിന്റെയും തുടക്കം. മൂന്ന് എം.എം ആണ് അക്ഷരവലിപ്പം. അയോദ്ധ്യയിൽ ഉത്സവമായിരുന്നു എന്നാണ് ആദ്യപേജിൽ. ആനന്ദം നിറഞ്ഞ നിമിഷം, ഇവിടെ പുത്രകാമേഷ്ഠി, ഈ നാടിന്റെ രാജ്ഞിമാർ തുടങ്ങി കഥയുടെ രത്‌നച്ചുരുക്കം മറ്റു പേജിലുണ്ട്.
ചുരുക്കിയത് ഇങ്ങനെ
അയോദ്ധ്യ ഉത്സവത്തിൻ നിറവിൽ എന്നാണ് തുടക്കം. ദശരഥന് കുട്ടികളുണ്ടാകുന്നതിൽ അയോദ്ധ്യയിലുണ്ടായ ആനന്ദത്തെയാണ് ഇങ്ങനെ സംഗ്രഹിച്ചത്. പുത്രകാമേഷ്ടിയെപ്പറ്റിയുള്ള വിവരണത്തെ 'ഇവിടെ പുത്രകാമേഷ്ടി' എന്നാക്കി. ആന്ദനം നിറഞ്ഞ നിമിഷം, ഉത്തമരാം കൗസല്യ, കൈകേയി, പത്‌നിമാർക്കെല്ലാം വേദപായസം തുടങ്ങിയ വാക്കുകളിലൂടെയാണ് തുടർന്നുള്ള കഥാസംഗ്രഹം.
ഏറ്റവും ചെറുത്
വായിക്കാൻ മുതിർന്നവർക്ക് ലെൻസ് വേണം. അഞ്ച് സെന്റിമീറ്റർ നീളവും വീതിയുമുള്ള ഇതേ പുസ്തകത്തിന്റെ കോപ്പി ഇതോടൊപ്പം നൽകുന്നുണ്ട്. കുട്ടികൾക്ക് വായിക്കാനാകുന്നുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ രാമായണമായിരിക്കുമിത്. ആദ്യം 50 രൂപയ്ക്കും പിന്നീട് 200 രൂപയ്ക്കും വിറ്റു. സന്തോഷ്‌കുമാറിന്റെ ഭാര്യ രഞ്ജിത. മക്കൾ: സഞ്ജിത്ത് (എം.ബി.ബി.എസ് വിദ്യാർത്ഥി), ശ്രീശാന്ത് (ഒമ്പതാം ക്‌ളാസ്).
കുഞ്ഞിരാമായണം
പേജ് 214
വിറ്റത് 1000 കോപ്പി
വില 300 രൂപ
അദ്ധ്യാത്മ, കമ്പ, കണ്ണശ്ശരാമായണങ്ങൾ വായിച്ചാണ് പുതിയ ആശയം സാക്ഷാത്കരിച്ചത്. ശത്രുഘ്‌നനെക്കുറിച്ചുള്ള നോവലിലായിരുന്നു തുടക്കം.
ആറ്റൂർ സന്തോഷ്‌കുമാർ.