itfok

തൃശൂർ : ഇരുണ്ടകാലത്ത് മനുഷ്യർക്ക് പരസ്പരം വെളിച്ചമാകാൻ അണിനിരക്കുന്ന ഒരു പറ്റം നാടകങ്ങൾ. യുദ്ധത്തിന്റെയും അതിക്രമങ്ങളുടേയും നിഴലിൽ ഉഴലുന്ന മനുഷ്യരിൽ സമാധാനവും ആത്മവിശ്വാസവും നിറയ്ക്കാൻ ഒത്തുചേരലുകൾക്ക് സാദ്ധ്യമാകുമെന്ന സന്ദേശവുമായി ലോകോത്തര നാടക കലാകാരന്മാർ ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂർ സംഗീത നാടക അക്കാഡമിയിൽ ഒന്നിക്കും. സമകാലിക സാമൂഹ്യ സാഹചര്യങ്ങൾ, കാലാകാലങ്ങളായി മനുഷ്യൻ നേരിടുന്ന ചൂഷണം, സാധാരണക്കാരുടെ ജീവിത പരിസരം എന്നിവ വിഷയമാകുന്ന നാടകങ്ങളും ആവിഷ്‌കാരങ്ങളുമായാണ് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക്ക് 2024 ഒരുങ്ങുന്നത്. അറുപത്തിയെട്ട് വിദേശ നാടകങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത എട്ട് വിദേശ നാടകങ്ങളും 240 ഇന്ത്യൻ നാടകങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത മലയാളമുൾപ്പെടെയുള്ള പതിനഞ്ചോളം ഇന്ത്യൻ നാടകങ്ങളുമാണ് ഇറ്റ്‌ഫോക്കിൽ അവതരിപ്പിക്കുക. ഇന്ത്യയ്ക്ക് പുറമേ ബ്രസീൽ, ചിലി, ടുണീഷ്യ, സ്ലോവാക്യ, ഇറ്റലി, ഫിൻലാൻഡ്, ബംഗ്‌ളാദേശ്, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എട്ട് നാടകസംഘങ്ങളാണ് ഇത്തണ നാടകോത്സവത്തിൽ പങ്കെടുക്കുന്നത്.