tapasya

തൃശൂർ: സംസ്ഥാന ഖജനാവിൽ നിന്ന് പണം മുടക്കി സാഹിത്യ അക്കാഡമി നടത്തുന്ന സാഹിത്യോത്സവത്തിൽ ഇടതുപക്ഷക്കാർക്ക് മാത്രം വേദിയെന്നത് ലജ്ജാകരമാണെന്ന് തപസ്യ കലാസാഹിത്യവേദി ജില്ലാസമിതി കുറ്റപ്പെടുത്തി. ഏകപക്ഷീയമായി ഇടതുപക്ഷ സാഹിത്യം പ്രചരിപ്പിക്കാനുള്ള ശ്രമമാണിത്. സാഹിത്യോത്സവം പോലെയുള്ള സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുമ്പോൾ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിദ്ധ്യം ഉറപ്പാക്കണം. അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദനും സെക്രട്ടറി സി.പി.അബൂബക്കറും സി.പി.എം സഹയാത്രികരാണ്. സാഹിത്യ അക്കാഡമി പോലുള്ള മഹത്തായ സ്ഥാപനത്തിന്റെ ചുമതല വഹിക്കുമ്പോൾ സങ്കുചിത രാഷ്ട്രീയം മാറ്റിവയ്ക്കണം. ജില്ലാ പ്രസിഡന്റ് പ്രൊഫ.ടി.പി.സുധാകരൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.എസ്.നീലാംബരൻ, സി.സി.സുരേഷ്, ശ്രീജിത് മൂത്തേടത്ത്, ഷാജു കളപ്പുരയ്ക്കൽ, സുരേഷ് വനമിത്ര എന്നിവർ പ്രസംഗിച്ചു.