
തൃശൂർ: കേരള സമ്പദ്ഘടന മദ്യത്തെ മാത്രം ആശ്രയിച്ചെന്ന തെറ്റായ പ്രചരണമെന്ന് മന്ത്രി എം.ബി.രാജേഷ്. എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വളരെ ഉത്തരവാദിത്തപ്പെട്ടവർ ഇതിന് പിന്നിലുണ്ട്. എക്സൈസ് ഓഫീസർമാർക്കെങ്കിലും ഇക്കാര്യത്തിൽ ധാരണ ഉണ്ടാകണം. മദ്യത്തിൽ നിന്നുള്ള വരുമാനം മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ കുറവാണ്. സംസ്ഥാനങ്ങളുടെ നികുതി സ്രോതസ് കവർന്നെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എ.സലിം, അഡിഷണൽ എക്സൈസ് കമ്മിഷണർ (എൻഫോഴ്സ്മെന്റ്) ഇ.എൻ.സുരേഷ്, കെ.എസ്.ഇ.എസ്.എ സംസ്ഥാന പ്രസിഡന്റ് ടി.സജുകുമാർ, എസ്.ഷാനവാസ്, ജോയിന്റ് എക്സൈസ് കമ്മിഷണർമാരായ ആർ.ഗോപകുമാർ, ജി.പ്രദീപ്, പി.കെ.സനു, എം.എം.നാസർ, ജെ.താജുദ്ദീൻകുട്ടി, കെ.പ്രദീപ്കുമാർ, വി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റായി എൻ.അശോക് കുമാറിനെയും ജനറൽ സെക്രട്ടറിയായി ആർ.മോഹൻ കുമാറിനെയും ട്രഷററായി ആർ.ഷാജിയെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.
കെ.പി.സി.സിയിൽ
ഗാന്ധിസ്മൃതി നാളെ
തിരുവനന്തപുരം: മഹാത്മാ ഗാന്ധിജിയുടെ 76ാമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നാളെ കെ.പി.സി.സി ആസ്ഥാനത്ത് ഗാന്ധി സ്മൃതി സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. രാവിലെ 10ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടക്കും. വിവിധ ജില്ലകളിൽ ഡി.സി.സി, ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും രക്തസാക്ഷിത്വ ദിനാചരണം നടക്കും.
കർഷകർക്കായി
മൂല്യവർദ്ധിത
ഉത്പന്നങ്ങൾ
കോയമ്പത്തൂർ: പാലിന്റെയും തക്കാളിയുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങൾ കർഷകർ സ്വയം തയ്യാറാക്കി വില്പന നടത്താനുള്ള പദ്ധതിയുമായി അമൃതവിശ്വവിദ്യാപീഠത്തിന്റെ കീഴിലുള്ള കോയമ്പത്തൂർ അമൃത സ്കൂൾ ഒഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർത്ഥികൾ.
ഇതിനായി സൊക്കനൂർ വില്ലേജിലെ കർഷകരെ ക്ഷണിച്ചുവരുത്തി പ്രദർശന മേള സംഘടിപ്പിച്ചു.
റോസ് മിൽക്ക് അടക്കം പാലിന്റെ വിവിധ ഉത്പന്നങ്ങളുംതക്കാളി സൂപ്പും തക്കാളി പൊടിയും ഉൾപ്പെടെ തയ്യാറാക്കി സാങ്കേതിക വിദ്യ പരിചയപ്പെടുത്തി.
വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ വഴി വരുമാനം കൂട്ടാൻ കർഷകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സാങ്കേതിക വിദ്യ മനസിലാക്കാനും പ്രയോജനപ്പെടുത്താനും നിരവധിപേർ തയ്യാറായി.
കോളേജ് ഡീൻ ഡോ.സുധീഷ് മണലിൽ, അസി.പ്രൊഫസർമാരായ ഡോ.എസ്.റീന, ഡോ.പി.ജനാർദ്ദനൻ, ഡോ.എസ്. ജിധു വൈഷ്ണവി, ഡോ.എസ്. തിരുക്കുമാർ എന്നിവർ നേതൃത്വം നൽകി.
കെ.എസ്.ആർ.ടി.സി:
ശമ്പളം ഇന്ന്
നൽകിയേക്കും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡിസംബറിലെ രണ്ടാംഗഡു ശമ്പളം ഇന്ന് നൽകിയേക്കും. സർക്കാർ സഹായമായ 20 കോടി ഉച്ചയോടെ അക്കൗണ്ടിൽ എത്തുമെന്നാണ് പ്രതീക്ഷ. ശമ്പള വിതരണത്തിനുള്ള മറ്റു ക്രമീകരണങ്ങളെല്ലാം പൂർത്തിയായി.
ശമ്പളം വൈകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സർക്കാർ സഹായം വൈകിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. രണ്ടുമാസത്തെ പെൻഷൻ കുടിശികയുണ്ട്.
ഓപ്പറേഷൻ ഡി ഹണ്ട്:
285 പേർ അറസ്റ്റിൽ
തിരുവനന്തപുരം: മയക്കുമരുന്ന് ലഭ്യത തടയാൻ പൊലീസ് നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ ഒറ്റദിവസം അറസ്റ്റിലായത് 285 പേർ. 281കേസുകൾ രജിസ്റ്റർ ചെയ്തു. 1820 പേരെയാണ് പരിശോധിച്ചത്. രാജ്യാന്തര വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ, കിലോക്കണക്കിന് കഞ്ചാവ്, ഹാഷിഷ് ഓയിൽ, ബ്രൗൺ ഷുഗർ തുടങ്ങിയവ പിടിച്ചെടുത്തു.
മയക്കുമരുന്ന് വില്പന നടത്തുന്നവരെന്ന് സംശയിക്കുന്നവരേയും മയക്കുമരുന്ന് കേസുകളിൽ ജയിലിൽ കഴിഞ്ഞവരുമായി ബന്ധമുള്ളവരേയും ഒരു മാസത്തോളം നിരീക്ഷിച്ച ശേഷമായിരുന്നു പരിശോധന.ഡി.ജി.പി ഡോ.ഷേയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശത്തെ തുടർന്ന് എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച റേഞ്ച് ലെവൽ എൻ.ഡി.പി.എസ് കോ ഓർഡിനേഷൻ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേർന്നാണ് പരിശോധന നടത്തിയത്.