vanjiii

തൃശൂർ : ഒടുവിൽ വഞ്ചിക്കുളം കുളമായി, ഉല്ലാസബോട്ടുകളുമിറങ്ങി. വഞ്ചിക്കുളത്ത് കോടികളുടെ വികസനം നടത്തുമ്പോഴും കുളം നിറയെ കുളവാഴകളും ചണ്ടിയും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്നത് സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്നലെ നവീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനമായപ്പോഴാണ് കുളവാഴകൾ നീക്കം ചെയ്ത് സവാരി ബോട്ടുകൾ ഇറക്കിയത്. എന്നാൽ വരും നാളുകളിൽ വീണ്ടും 'കുളമാകാതെ'നോക്കണമെന്ന ആവശ്യമാണ് സന്ദർശകരിൽ നിന്ന് ഉയരുന്നത്. ഇന്നലെ നൂറുകണക്കിന് പേരാണ് വഞ്ചിക്കുളത്തിന്റെ സൗന്ദര്യം ആസ്വാദിക്കാനെത്തിയത്. രാജഭരണ കാലത്ത് വ്യാപാര ബന്ധത്തിലേക്കുള്ള താക്കോലായിരുന്ന വഞ്ചിക്കുളം ഇനി ടൂറിസത്തിലേക്കുള്ള വാതിലാകും. കോടികൾ ചെലവഴിച്ചിട്ടും കൃത്യമായി പരിചരണമില്ലാത്തതാണ് ഉപയോഗ്യശൂന്യമാകാൻ കാരണമെന്ന് കൗമുദി വാർത്ത നൽകിയിരുന്നു.

വഞ്ചിക്കുളത്തെ സൗന്ദര്യവത്കരണത്തിന് കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് കോടിയാണ് ചെലവഴിച്ചത്. കുട്ടികളുടെ പാർക്ക്, ബെഞ്ചുകൾ, പ്രതിമകൾ, ലാൻഡ് സ്‌കേപ് എന്നിവയെല്ലാം അമൃത് പദ്ധതി പ്രകാരമാണ് പൂർത്തിയാക്കിയത്. വഞ്ചിക്കുളം സംരക്ഷണ പദ്ധതിയുടെ ഭാഗമായി കനാലിൽ വടൂക്കര പാലം വരെ 2.5 കിലോമീറ്റർ സംരക്ഷണ ഭിത്തിയും പൂർത്തിയായി.

പാർക്കിന്റെ സമർപ്പണ ഉദ്ഘാടനം

വഞ്ചിക്കുളം പാർക്കിന്റെ സമർപ്പണവും ബോട്ടുസവാരിയുടെ ഉദ്ഘാടനവും മേയർ എം.കെ.വർഗീസിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ.റോസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ വർഗ്ഗീസ് കണ്ടംകുളത്തി, പി.കെ.ഷാജൻ, സാറാമ്മ റോബ്‌സൺ, കൗൺസിലർമാരായ ശ്യാമള വേണുഗാപാൽ, പി.സുകുമാരൻ, കോർപ്പറേഷൻ സെക്രട്ടറി ഷിബു വി.പി, സൂപ്രണ്ടിംഗ് എൻജിനീയർ ഷൈബി ജോർജ്ജ് എന്നിവർ സംസാരിച്ചു.

കോർപ്പറേഷൻ ചെലവഴിച്ചത് 79 ലക്ഷം

സന്ദർശകർക്ക് പ്രാഥമിക കൃത്യം നിർവഹിക്കാനും ഓപ്പൺ ജിം ഉൾപ്പെടെയുള്ളവയ്ക്കുമായി കോർപ്പറേഷന്റെ 79 ലക്ഷം രൂപ ചെലവഴിച്ചു.

ഓപ്പൺ ജിം മുതൽ ബോട്ട് സവാരി വരെ

പ്രഭാത സവാരിക്കാർക്ക് ഉപയോഗിക്കാനായി ഓപ്പൺ ജിം
സായാഹ്നങ്ങൾ ആഘോഷിക്കാൻ ദീപാലങ്കാരങ്ങളോടെ ആംഫി സ്റ്റേജ്
ബോട്ട് സവാരി
പവലിയൻ
ഏറുമാടം
സെൽഫി പോയിന്റും കഫ്‌റ്റീരിയകളും
അർബൻ സ്‌പേസ് നിർവചിക്കുന്ന വിധം ചുമർചിത്രങ്ങളും ശിൽപ്പങ്ങളും
കുട്ടികളുടെ പാർക്ക്


അടുത്തഘട്ടം

കെ.എൽ.ഡി.സി കനാൽ വരെ തുടർപ്രവർത്തനം, ചേറ്റുപുഴ, പുല്ലഴി വരെയുള്ള സൗന്ദര്യവത്കരണ പദ്ധതി.