cm

□സാർവദേശീയ സാഹിത്യോത്സവത്തിന് തുടക്കം

തൃശൂർ : ലോകം പല തരം മുറിവുകളിലൂടെ കടന്നു പോയപ്പോഴൊക്കെ സാഹിത്യം ഔഷധമായി മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സാഹിത്യ അക്കാഡമിയിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാദ്ധ്യമമാണ് സാഹിത്യം. യുദ്ധം കീറിമുറിച്ച പാലസ്തീനിൽ നിന്നും, വംശീയ സംഘർഷങ്ങളാൽ മുറിവേറ്റ മണിപ്പൂരിൽ നിന്നുമെല്ലാം സാഹിത്യോത്സവത്തിലേക്ക് കവികളെത്തുന്നുണ്ട്. അവരുടെ ചിന്തകളും രചനകളും നമ്മുടെ കാലഘട്ടത്തിന്റെ ഹൃദയഭേദകമായ യാഥാർത്ഥ്യത്തിലേക്ക് നമ്മെ നയിക്കുന്നു. ഒപ്പം ചില സാമൂഹിക രാഷ്ട്രീയബോദ്ധ്യങ്ങളിലേക്ക് നമ്മെ വളർത്തുകയും ചെയ്യും. ലോക, ഇന്ത്യൻ, മലയാള സാഹിത്യ മേഖലകളുടെ പരിച്ഛേദമാണ് സാഹിത്യോത്സവം.

സമൂഹത്തിന്റെ സാംസ്‌കാരിക നവീകരണം ലക്ഷ്യമാക്കിയാണ് സാഹിത്യോത്സവം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ബുള്ളറ്റിൻ പ്രകാശനം മന്ത്രി കെ.രാജനും ഫെസ്റ്റിവൽ ബുക്ക് പ്രകാശനം മന്ത്രി ഡോ.ആർ.ബിന്ദുവും നിർവഹിച്ചു. ഫെസ്റ്റിവൽ ബുള്ളറ്റിൻ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ.മായയും ഫെസ്റ്റിവൽ ബുക്ക് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയും സ്വീകരിച്ചു. അശോക് വാജ്‌പേയി മുഖ്യാതിഥിയായി. എം.ടി.വാസുദേവൻ നായരുടെ സന്ദേശം വായിച്ചു. ഫെസ്റ്റിവൽ പരിപ്രേക്ഷ്യം അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കളക്ടർ വി.ആർ.കൃഷ്ണ തേജ, കൗൺസിലർ റെജി ജോയ്, സിനിമാ താരം പ്രകാശ് രാജ്, ലെസ് വിക്ക്‌സ്, ടി.എം.കൃഷ്ണ, ലളിത കലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി, ലളിത കലാ അക്കാഡമി സെക്രട്ടറി എൻ. ബാലമുരളികൃഷ്ണൻ, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, ടി.പത്മനാഭൻ, സാറാ ജോസഫ്, വിജയരാജ മല്ലിക, അക്കാഡമി സെക്രട്ടറി സി.പി.അബൂബക്കർ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ തുടങ്ങിയവർ സംസാരിച്ചു. പതാക ഉയർത്തൽ സാറാ ജോസഫ് നിർവഹിച്ചു. സാഹിത്യ അക്കാഡമിയുടെ സിഗ്‌നേച്ചർ ഫിലിം പ്രദർശനവും നടന്നു.