
തൃശൂർ: ഗവർണറുടെ നടപടിയിൽ കേരളം മാത്രമല്ല രാജ്യമൊട്ടാകെ വിമർശനം ഉയരുന്നുണ്ടെന്ന് മന്ത്രി എം.ബി.രാജേഷ്. തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കടത്തിണ്ണയിൽ ഇരുന്ന് ഗവേൺ ചെയ്യേണ്ട ആളാണോ ഗവർണർ എന്നതിന്റെ ഉത്തരം അദ്ദേഹമാണ് പറയേണ്ടത്. മുൻപ് ഗവർണറുടെ ഭാഗത്തുനിന്ന് ഇത്തരം നടപടിയുണ്ടായപ്പോൾ ദേശീയ മാദ്ധ്യമങ്ങളെല്ലാം വിമർശിച്ച് മുഖപ്രസംഗം എഴുതിയിരുന്നു. എന്നിട്ടും ഗവർണർ ഇതുതന്നെ തുടരുന്നത് വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ്. കേന്ദ്രം സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി വിജയിക്കാതെ വന്നപ്പോഴാണ് ഇത്തരം നടപടി സ്വീകരിക്കുന്നത്.
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ മയക്കുമരുന്ന് കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ഉചിതമായ ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.