പുന്നയൂർക്കുളം: വടക്കേക്കാട് സ്റ്റേഷൻ പരിധിയിലെ പ്രധാന നഗരങ്ങൾ ഇനി മുതൽ ക്യാമറ നിരീക്ഷണത്തിൽ. തൃശൂർ ജില്ലയിൽ ആദ്യമായാണ് പൊലീസ് കൺട്രോളിൽ വടക്കേക്കാട് സ്റ്റേഷൻ പരിധിയിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. വടക്കേക്കാട്, അഞ്ഞൂർ, വെട്ടിപ്പുഴ എന്നിവിടങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ ഉദ്ഘടനം ചെയ്തു. കാവൽ നേത്ര എന്ന പേരിൽ വടക്കേക്കാട് എസ്.ഐ. ആയിരുന്ന സിസിൽ ക്രിസ്റ്റ്യൻ രാജ് രൂപം കൊടുത്ത പദ്ധതിയുടെ പൂർത്തീകരണമാണ് മോഡേൺ ജംഗ്ഷൻ എന്ന പേരിൽ നടപ്പിലാക്കിയത്. വ്യാപാര സ്ഥാപനങ്ങളുടെയും സുമനസ്സുകളുടെയും സഹായത്താലാണ് പദ്ധതിക്കുള്ള ഫണ്ട് കണ്ടെത്തിയത്. 6 ലക്ഷം രൂപ ചെലവിലാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. അഞ്ച് വർഷത്തെ ഗ്യാരണ്ടിയോട് കൂടി തൃശൂർ തേർഡ് ഐസ് സെക്യൂരിറ്റി നെറ്റ്‌വർക്കാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.
മോഡേൺ ജംഗ്ഷൻ പദ്ധതിയുടെ ഭാഗമായി വടക്കേക്കാട് സെന്ററിൽ അഞ്ച് ക്യാമറകളും അഞ്ഞൂരിൽ നാലും വെട്ടിപ്പുഴയിൽ മൂന്ന് ക്യാമറകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. എ.ഐ ക്യാമറകളുടെ നിലവാരത്തിലുള്ള ക്യാമറകളാണ് ഇവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. പദ്ധതിയുടെ സ്വിച്ചോൺ കർമ്മം തടാകം കുഞ്ഞിമുഹമ്മദ് ഹാജി, വടക്കേക്കാട് ഐ.എസ്.എച്ച്.ഒ. അമൃത രംഗൻ എന്നിവർ സംയുക്തമായി നിർവഹിച്ചു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ. നബീൽ അദ്ധ്യക്ഷത വഹിച്ചു.
ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനും കുറ്റകൃത്യങ്ങൾ തടയാനും ഒരു പരിധിവരെ ക്യാമറ സ്ഥാപിക്കുന്നതിലൂടെ സാധിക്കുമെന്ന് സി.ഐ അമൃതരംഗൻ പറഞ്ഞു. ചടങ്ങിൽ നിലവിലെ ചാവക്കാട് എസ്.ഐ സിസിൽ ക്രിസ്റ്റ്യൻ രാജിനെ തടാകം കുഞ്ഞിമുഹമ്മദ് ഹാജി ആദരിച്ചു. തൃശൂർ കൺട്രോൾ യൂണിറ്റ് ഓപ്പറേറ്റർ അതുൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീധരൻ മാക്കാലിക്കൽ, ടീം വിജിലന്റ് ജില്ല കോർഡിനേറ്റർ സക്കറിയ കുന്നചാംവീട്ടിൽ, മൈമൂന അഭയം , മുഹമ്മദാലി കൂട്ടായ്മ, അസ്ലം ബഷീർ, വടക്കേക്കാട് സ്റ്റേഷൻ എസ്.ഐ ആനന്ദ്, അഡീഷണൽ എസ.്‌ഐമാരായ ബിജു, യൂസഫ് തുടങ്ങിയവരും സന്നിഹിതരായി.