
തൃശൂർ : സാഹിത്യ അക്കാഡമി സാംസ്‌കാരിക വകുപ്പിന്റെ പിന്തുണയോടെ ഫെബ്രുവരി മൂന്ന് വരെ നടത്തുന്ന സാർവദേശീയ സാഹിത്യോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം. സാഹിത്യകാരി സാറാ ജോസഫ് ഫെസ്റ്റിവൽ പതാക ഉയർത്തിയതോടെ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവത്തിന് തുടക്കം കുറിച്ചു. അക്കാഡമിയിലും ടൗൺഹാളിലുമായി പ്രകൃതി, മൊഴി, പൊരുൾ, അറിവ് എന്നീ നാലു വേദികളിലായാണ് സാഹിത്യോത്സവം. സാഹിത്യം, സംഗീതം, സിനിമ, നാടകം, ചിത്രകല, സാമൂഹ്യ, സയൻസ് വിഷയങ്ങൾ, മാദ്ധ്യമങ്ങൾ തുടങ്ങിയവയിൽ നാല് വേദികളിലും സമാന്തരമായി ചർച്ചകൾ, പ്രഭാഷണങ്ങൾ, സംഭാഷണങ്ങൾ തുടങ്ങിയവ നടക്കും. ഇന്നലെ ടി.എം.കൃഷ്ണയുടെ സംഗീതക്കച്ചേരി ആസ്വാദകരുടെ മനം കവർന്നു. കലാമണ്ഡലത്തിന്റെ കഥകളി, അനിൽ വാജ്‌പേയിയുടെ റാഫി ഗാനനിശ, ഭാസഭേരിയുടെ നാടകം, പുഷ്പാവതിയുടെ സംഗീതം, രചിതാ രവിയുടെ നൃത്തം തുടങ്ങിയ കലാപരിപാടികളും വിവിധ ദിവസങ്ങളിലായി നടക്കും. സ്പീക്കർ എ.എൻ.ഷംസീർ, വി.ഡി.സതീശൻ, മന്ത്രി എം.ബി.രാജേഷ്, രമേശ് ചെന്നിത്തല, എം.മുകുന്ദൻ, മാനസി, ചന്ദ്രമതി, വൈശാഖൻ, എൻ.എസ്.മാധവൻ, സക്കറിയ, ഖദീജ മുംതാസ്, കെ.പി.രാമനുണ്ണി, വി.ജെ.ജെയിംസ്, ശീതൾ ശ്യാം, വിജയരാജമല്ലിക, കെ.ജി.എസ്., അടൂർ ഗോപാല കൃഷ്ണൻ, ശശികുമാർ, സിദ്ധാർത്ഥ വരദരാജൻ, വിനോദ് ജോസ്, എം.എ.ബേബി, ബിനോയ് വിശ്വം, എം.സ്വരാജ് തുടങ്ങിയവർ പങ്കെടുക്കും. ഫെബ്രുവരി 3 ന് വൈകിട്ട് 4 ന് പ്രമുഖർ പങ്കെടുക്കുന്ന സമാപനസമ്മേളനത്തോടെ തിരശ്ശീല വീഴും.
സെഷനുകൾ 100+
എഴുത്തുകാർ,ചിന്തകർ, സാമൂഹികപ്രവർത്തകർ
500+