ele

തൃശൂർ: ആവേശം കൊട്ടിക്കയറി, ആനകളുടെ തലപ്പൊക്കമത്സരങ്ങൾ അക്രമത്തിൽ കലാശിക്കുമ്പോൾ പൂരപ്പറമ്പിൽ ആന എഴുന്നള്ളിപ്പുകൾക്കുള്ള നിബന്ധനകൾ വഴിപാടാകുന്നു. കഴിഞ്ഞദിവസം കുന്നംകുളം കാവിലക്കാട് ദുർഗാദേവി ക്ഷേത്രത്തിലെ കൂട്ടിയെഴുന്നള്ളിപ്പിനിടെ ദേശക്കമ്മിറ്റിക്കാർ തമ്മിൽ ഏറ്റുമുട്ടിയതിന് പിന്നാലെ ആനകൾക്ക് മുൻപിലേയ്ക്ക് സംഘർഷമെത്തി. തർക്കം തുടർന്നതോടെ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയും ചിറയ്ക്കൽ കാളിദാസനെയും കൂട്ടിയെഴുന്നള്ളിപ്പിൽ നിറുത്താതെ പാപ്പാന്മാർ തിരിച്ചുകൊണ്ടുപോയി. ആനകളെ അടുത്തടുത്തു നിറുത്തി തലപ്പൊക്കമത്സരം നടത്തി ആവേശമുണ്ടാക്കാനുള്ള ശ്രമം ക്ഷേത്രക്കമ്മിറ്റിക്കാർ അനുവദിച്ചിരുന്നില്ല.

ആനകളെ നിശ്ചയിച്ച സ്ഥാനങ്ങളിൽ നിറുത്താതെ തലപ്പൊക്കമത്സരം നടത്തുന്നത് പൊലീസിനോ മറ്റ് അധികൃതർക്കോ തടയാനുമായില്ല. കഴിഞ്ഞവർഷം ആനയെഴുന്നള്ളിപ്പിനായി അപേക്ഷ സമർപ്പിച്ചിരുന്ന എല്ലാ കമ്മിറ്റികൾക്കും നിബന്ധനകളുടെ പകർപ്പ് സഹിതം കത്ത് നൽകാൻ കഴിഞ്ഞ നവംബറിൽ ചേർന്ന ജില്ലാതല നിരീക്ഷണ സമിതി കർശന നിർദ്ദേശം നൽകി. നിബന്ധനകൾ പാലിച്ചെങ്കിൽ മാത്രമേ ഈ വർഷം ആനയെഴുന്നെള്ളിപ്പിന് അനുവാദം നൽകൂവെന്ന് മുൻകൂട്ടി അറിയിക്കണമെന്നും കളക്ടർ വി.ആർ.കൃഷ്ണതേജ യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രശ്‌നം ആനകളുടെ ഉയരം

ആനകളുടെ ഉയരത്തെ ചൊല്ലിയാണ് ദേശക്കമ്മിറ്റിക്കാർ തമ്മിൽ ഉത്സവങ്ങളിൽ തർക്കമുണ്ടാകുന്നത്. ആനകളുടെ ഉയരം അളന്ന് തിട്ടപ്പെടുത്തേണ്ടത് വനംവകുപ്പാണ്. എന്നാൽ വർഷങ്ങളായി ഉയരമെടുക്കുന്നില്ല. ആന ഇടഞ്ഞാൽ സംഭവിക്കുന്ന നഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകാനും ഉത്തരവാദിത്തം ഉത്സവക്കമ്മിറ്റിക്കാണ്. നിബന്ധനകളിൽ ഇത് വ്യക്തമായി കാണിച്ചിട്ടുണ്ട്. സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്ററാണ് നിബന്ധനകൾക്ക് രൂപം കൊടുക്കുന്നത്.

ആനകളെ പ്രകോപിപ്പിക്കരുത്

ആനകളെ പ്രകോപിപ്പിക്കുന്ന നടപടിയുണ്ടാകരുതെന്ന് കർശന നിബന്ധനയുണ്ട്. ആനപ്പുറത്തിരുന്ന് പൂത്തിരി കത്തിക്കാനോ ലേസർ ലൈറ്റ് പോലെ പ്രകോപനമുണ്ടാക്കുന്നവ ഉപയോഗിക്കാനോ പാടില്ല. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിബന്ധന ഉത്സവക്കമ്മിറ്റിക്കാരിൽ നിന്നും അപേക്ഷകൾ ലഭിക്കുന്ന സമയത്ത് തന്നെ ഒപ്പ് രേഖപ്പെടുത്തി സമാഹരിച്ചിട്ടുണ്ട്. പുതിയ ഉത്സവങ്ങൾക്കോ നിലവിലെ ഉത്സവങ്ങളിൽ ആനകളുടെ എണ്ണം കൂട്ടുന്നതിനോ അനുമതിയില്ല.

പ്രതിസന്ധികളും...

പൂരപ്രേമികൾ നിയമം ലംഘിക്കുമ്പോൾ ശിക്ഷ ഏറ്റുവാങ്ങുന്നത് ഉത്സവക്കമ്മിറ്റിക്കാർ
ആനകളുടെ എണ്ണം കുറയുന്നതും ഉത്സവങ്ങളുടെ എണ്ണം കൂടുന്നതും ജോലിഭാരം കൂട്ടും
കൂടുതൽ ആനകൾ ചരിഞ്ഞതോടെ എഴുന്നള്ളിപ്പും ഉത്സവ നടത്തിപ്പും പ്രയാസകരം
അന്യസംസ്ഥാനങ്ങളിൽ നിന്ന് ആനയെ കൊണ്ടുവരാനുള്ള ചട്ടങ്ങൾക്കും രൂപമായില്ല

തലപ്പൊക്ക മത്സരങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കാനാവില്ല. ആനകളുടെ ഉയരം അളക്കുന്നത് അടക്കം നടപ്പാക്കാൻ വനംവകുപ്പ് അധികൃതർ തയ്യാറാവണം.

ഡോ.പി.ബി.ഗിരിദാസ്
ആനചികിത്സാവിദഗ്ദ്ധൻ.