 
തൃശൂർ: തരിശുനിലങ്ങൾ കൃഷിഭൂമിയാക്കുകയെന്നത് സ്വപ്‌നപദ്ധതികളിൽ ഒന്നാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു. കൃഷിയിടങ്ങൾ കുറയുകയാണ്. കാർഷിക വികസനത്തിന് ഭൗതികസാഹചര്യം ഒരുക്കും. ഈ വർഷം സബ്‌സിഡിയായി നെൽക്കൃഷിക്ക് ഒന്നര കോടിയും ക്ഷീരമേഖലയ്ക്ക് രണ്ടു കോടിയും നൽകി. കാർഷിക സർവകലാശാലയുടെ സഹകരണവും തേടും. കോൾ മേഖലയുടെ പ്രശ്‌നങ്ങൾ പഠിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഷി ലോഡ്ജ് മാർച്ച് 31ന് പ്രവർത്തനം തുടങ്ങും. ചെറുതുരുത്തിയിലെ ഷി ലോഡ്ജ് നിർമാണം പൂർത്തിയായി. കൂടുതൽ ഷി ലോഡ്ജുകൾ കൊണ്ടുവരും. തദ്ദേശ സ്ഥാപനങ്ങൾക്കാണ് സ്ഥലം ഏറ്റെടുക്കാനാവുക. നഗരത്തിൽ കൂടുതൽ ഷി ലോഡ്ജ് വേണമെന്ന ആവശ്യം മേയറും മറ്റുമായി ചർച്ച ചെയ്യും. ജില്ലാ ആസൂത്രണസമിതി ചെയർമാനെന്ന നിലയിൽ ചർച്ച ചെയ്ത് വേണ്ടത് ചെയ്യുമെന്നും പ്രിൻസ് പറഞ്ഞു.
വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കും. വിജയശതമാനും വർദ്ധിപ്പിക്കാനും ശ്രമിക്കും. കാൻസർ രോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനുള്ള കാൻ തൃശൂർ പദ്ധതി വിജയകരമാണെന്നും പ്രിൻസ് പറഞ്ഞു.
86 പഞ്ചായത്തുകളിൽ വനിതകൾക്കുള്ള ഫിറ്റ്‌നെസ് സെന്ററുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ സെന്ററുകൾ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കും.സാംസ്‌കാരികമേഖലയിൽ പ്രത്യേകമായ ഊന്നൽ ഉണ്ടാകുമെന്നും പ്രിൻസ് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾമാത്യു സ്വാഗതവും കെ. പ്രഭാത് നന്ദിയും പറഞ്ഞു.
അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന സംസ്ഥാന സർക്കാർ ലക്ഷ്യം പൂർത്തീകരിക്കുന്നതിനാണ് പ്രഥമപരിഗണന. തൃശൂരിനെ അതിദരിദ്രരില്ലാത്ത ജില്ലയാക്കാൻ 111 തദ്ദേശ സ്ഥാപനങ്ങളുമായി യോജിച്ച് മുന്നോട്ടുപോകും.- വി.എസ്. പ്രിൻസ്
കാൻ തൃശൂർ
രോഗബാധ കണ്ടെത്തിയ 46ൽ ഒരാൾ ഒഴികെ 45 പേരും പ്രാഥമിക ഘട്ടത്തിലായതിനാൽ വിദഗ്ദ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകും.