അന്നമനട: വിഷുവിന് വിഷരഹിത പച്ചക്കറി ഉത്പ്പാദിപ്പിക്കാൻ അന്നമനട പഞ്ചായത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ ന്യൂട്രി ഗാർഡൻ പദ്ധതി. അന്നമനട പഞ്ചായത്തിലെ 1100 കുടുംബശ്രീ പ്രവർത്തകർക്ക് 12,000 പച്ചക്കറിത്തൈകൾ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു. ഓരോ വാർഡിലും എ.ഡി.എസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റിയുണ്ടാക്കി കൃഷിഭവന്റെ സഹായത്തോടെയാണ് കുടുംബശ്രീ പ്രവർത്തകർ കൃഷി ചെയ്യുന്നത്. കൃഷിയിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ അവരവരുടെ വിടുകളിൽ ആവശ്യമായത് ഉപയോഗിക്കാനും കൂടുതൽ വരുന്നത് കുടുംബശ്രീ ആഴ്ചച്ചന്തയിലൂടെ വിപണനം നടത്താനും ലക്ഷ്യം വയ്ക്കുന്നു. ന്യൂട്രി ഗാർഡൻ പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ലയ അരവിന്ദ് അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ കെ.എ. ബൈജു, മോളി വർഗീസ്, ഷീജ നസീർ, സി.ഡി.എസ് അംഗങ്ങളായ സീന ഹരി, ഗിരിജ മോഹൻ എന്നിവർ പ്രസംഗിച്ചു.