കൊടുങ്ങല്ലൂർ: പട്ടികജാതി വികസന പദ്ധതികൾക്ക് ഊന്നൽ നൽകി നഗരസഭാ വികസന സെമിനാ‌ർ. പട്ടികജാതി വികസന പദ്ധതികൾക്ക് രണ്ട് കോടി 23 ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം (2,23,91000) രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിവിധ വികസന ക്ഷേമ പദ്ധതികൾക്കായി 23 കോടി 16 ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭൂരഹിതരായ പാവപ്പെട്ടവർക്ക് വീട് വച്ച് നൽകുന്നതിന് രണ്ടുകോടി 45 ലക്ഷം രൂപയും ശുചിത്വം, മാലിന്യ സംസ്‌കരണം എന്നീ പദ്ധതികൾക്കായി മൂന്നു കോടി 31 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. റോഡ് ഫണ്ട് പദ്ധതിയിൽ നാലു കോടി 13 ലക്ഷം രൂപയും നോൺ റോഡ് വിഭാഗത്തിൽ അഞ്ചു കോടി 59 ലക്ഷം രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. നഗരത്തിൽ ആധുനിക മൾട്ടിലെവൽ പാർക്കിംഗ് സിസ്റ്റം സ്ഥാപിക്കൽ, നഗരത്തിലെ പ്രധാന റോഡുകളിൽ ക്യാമറകൾ സ്ഥാപിക്കൽ, അരാക്കുളം വൃത്തിയാക്കി നവീകരിച്ച് പ്രാദേശിക കുടിവെള്ള പദ്ധതി, നഗരത്തിൽ വിവിധ സംഘടനകളുടെ പരസ്യങ്ങൾക്കായി ഡിജിറ്റൽ ബോർഡുകൾ നിർമ്മിക്കൽ, താലൂക്ക് ആശുപത്രിയിൽ 10 ഡയാലിസിസ് മെഷീനുകൾ കൂടി സ്ഥാപിക്കൽ, പി. ഭാസ്‌കരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സോളാർ പദ്ധതി തുടങ്ങി വിവിധ പദ്ധതികളും അടുത്തവർഷം നടപ്പാക്കുന്നതിന് തീരുമാനിച്ചു. വികസന സെമിനാർ ചെയർപേഴ്‌സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി.എസ്. ദിനൽ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. കൈസാബ്, എൽസി പോൾ, ഒ.എൻ. ജയദേവൻ, ഷീല പണിക്കശ്ശേരി, മുൻ ചെയർമാൻ കെ.ആർ. ജൈത്രൻ, കെ.എം. ബേബി, കൗൺസിലർ രശ്മി ബാബു, നഗരസഭാ സെക്രട്ടറി എൻ.കെ. വൃജ എന്നിവർ പ്രസംഗിച്ചു.