1

തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിൽ നിർമ്മാണ പ്രവൃത്തികൾ നടത്തിയിട്ടും തുക ലഭിക്കുന്നില്ല, ചെറുകിട കരാറുകാർ പ്രതിസന്ധിയിൽ. തദ്ദേശ സ്ഥാപനങ്ങളിൽ പ്രവൃത്തി പൂർത്തിയാക്കിയ ചെറുകിട കരാറുകാർക്ക് പാസാക്കി നൽകാനുള്ളത് 700 കോടി രൂപയുടെ ബില്ലുകൾ. കൂടാതെ വാട്ടർ അതോറിറ്റിയിൽ അറ്റകുറ്റപ്പണി നടത്തിയതിന്റെ 300 കോടി ഉൾപ്പെടെ ആയിരം കോടി രൂപയാണ് കുടിശിക.

ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തീകരിക്കാനോ പ്രവൃത്തികൾക്കായി വാങ്ങിയ സാധനങ്ങളുടെ തുക നൽകാനോ ഇതുമൂലം കഴിയുന്നില്ലെന്നാണ് പരാതി. പ്രവൃത്തികൾ സ്പിൽ ഓവർ ആയാൽ ഭീമമായ പിഴയും ഒടുക്കേണ്ട സാഹചര്യമാണുള്ളത്. പൂർത്തീകരിച്ച പ്രവൃത്തികളുടെ പണം ചോദിച്ചാൽ ബാങ്കിൽ നിന്നും സർക്കാർ ഗ്യാരന്റിയിൽ വായ്പയെടുക്കാനാണ് സർക്കാർ ആവശ്യപ്പെടുന്നതത്രെ. എന്നാൽ ചെറുകിട കരാറുകാരെ ദേശസാൽകൃത ബാങ്കുകൾ പൂർണമായും അവഗണിക്കുകയാണെന്നാണ് ആക്ഷേപം.

സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് 2018ലെ നിരക്കിലാണെന്ന് കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി.എസ്. ജയപ്രകാശ്. മറ്റ് സംസ്ഥാനങ്ങളിൽ 2023ലെ ഡൽഹി ഷെഡ്യൂൾ ഒഫ് റേറ്റ് (ഡിഎസ്ആർ) പ്രകാരം എസ്റ്റിമേറ്റ് തയാറാക്കുമ്പോഴാണിത്.

സെക്യൂരിറ്റി ഡെപ്പോസിറ്റും രജിസ്‌ട്രേഷൻ ഫീസും മൂന്നിരട്ടിയായി വർദ്ധിപ്പിച്ചതിനാൽ കരാറുകാർ പി.ഡബ്ളിയു.ഡി രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ബില്ലുകൾ അടിയന്തരമായി പാസാക്കി നൽകുക, ഡി.എസ്.ആർ 2023 നടപ്പാക്കുക, പുതിയ രജിസ്‌ട്രേഷൻ ഉത്തരവ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ നാളെ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തുമെന്നും അറിയിച്ചു.

തൃശൂർ ജില്ലാ പഞ്ചായത്ത് ഓഫിസിനു മുൻപിൽ നാളെ രാവിലെ 10.30ന് ധർണ നടത്തുമെന്ന് ജില്ലാ സെക്രട്ടറി കെ.ഇ. പൗലോസ്, ട്രഷറർ കെ.വി. പൗലോസ്, കെ.എസ്. സുധീഷ് എന്നിവർ പറഞ്ഞു.

സാമ്പത്തിക വർഷാവസാനം ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തീകരിച്ച കരാറുകാർക്ക് മൂന്ന് മാസമായി ഒരുലക്ഷത്തിൽ അധികമുള്ള ബില്ലുകൾ പാസാക്കി നൽകുന്നില്ല. ഇതിനാൽ സാമ്പത്തിക പ്രതിസന്ധിയിലാണ് കരാറുകാർ.

- വി.എസ്. ജയപ്രകാശ്, കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്