തൃശൂർ: ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച നടനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും സിനിമാ താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങുന്നത് തെറ്റല്ലെന്നും നടൻ പ്രകാശ് രാജ്. സാഹിത്യ അക്കാഡമി സാർവദേശീയ സാഹിത്യോത്സവത്തിൽ 'കലയും ജനാധിപത്യവും' എന്ന വിഷയത്തിലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമ്മാണം തീരാത്ത ക്ഷേത്രം ഉദ്ഘാടനം ചെയ്ത ആദ്യ പ്രധാനമന്ത്രിയാണ് മോദി. സാഹിത്യകാരനും സാഹിത്യകാരന്മാരായി ആരോപിക്കപ്പെടുന്നവരുമുണ്ട്. പലരുടെയും യഥാർത്ഥ രൂപം വ്യക്തമാക്കാൻ വഴിയൊരുക്കിയത് മോദി സർക്കാരാണ്. പള്ളികൾ കുഴിച്ചാൽ ക്ഷേത്രം കാണുമെങ്കിൽ ക്ഷേത്രങ്ങൾ കുഴിച്ചാൽ കണ്ടെത്തുക ബുദ്ധവിഹാരങ്ങൾ ആയിരിക്കും. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയിൽ പങ്കെടുത്ത സിനിമാ താരങ്ങൾ അടക്കമുള്ള പ്രമുഖർക്ക് ഭയമല്ല, സ്വാർത്ഥതയാണ്. സർക്കാരുകൾ, നീതിന്യായ കോടതികൾ, മാദ്ധ്യമങ്ങൾ തുടങ്ങി ഇന്ത്യയിലെ വിവിധ മേഖലകളിലെ ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലമാണ്. കലയും സാഹിത്യവുമാണ് ഇത്തരം പ്രതിസന്ധി കാലത്ത് പ്രതിരോധത്തിനുള്ള ശബ്ദം നൽകുന്നത്. ചോദ്യങ്ങൾ ഉയരാത്ത ഈ കാലം അതിജീവിക്കാനുള്ള ഒരേയൊരു മാർഗം കലയാണ്. ജനം ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കണം. നിശബ്ദരാകുന്നവർക്ക് ചരിത്രം മാപ്പുതരില്ല.
ജനങ്ങൾ ഒന്നിച്ചുള്ള ദൃഢനിശ്ചയത്തോടെയുള്ള പ്രതിരോധമാണ് കാലഘട്ടത്തിന്റെ ആവശ്യം. ചലച്ചിത്ര താരങ്ങൾ അവാർഡുകളാണ് ലക്ഷ്യമിടുന്നത്. പോരാട്ടത്തിന് അവരെ കാത്തു നിൽക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.