വടക്കാഞ്ചേരി : എങ്കക്കാട്, മാരത്തകുന്ന് റെയിൽവേ മേൽപാലത്തിനായ് കാത്തിരിപ്പ് നീളുന്നു. ഈ കാത്തിരിപ്പിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വാഴാനി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള വഴിയിലാണ് ഈ രണ്ട് റെയിൽവേ ഗേറ്റുകളും. ദിവസേന നൂറിൽപരം ട്രെയിനുകൾ ഈ വഴി കടന്നുപോകുന്നതിനാൽ മണിക്കൂറുകളോളം റെയിൽവേ ഗേറ്റ് അടഞ്ഞ് കിടക്കും. ഇതോടെ ഗേറ്റിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാകും. എന്നാൽ ഗേറ്റ് തുറന്നതിനു ശേഷം മുഴുവൻ വാഹനങ്ങൾ കടന്ന് പോകുന്നതിന് മുന്നേ തന്നെ റെയിൽവേ ഗേറ്റ് വീണ്ടും അടയ്ക്കും. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കുടുങ്ങുന്നത് പതിവാണ്.
റെയിൽവേ മേൽപാലം നിർമ്മിക്കാൻ റെയിൽവേയ്ക്ക് പ്രൊപോസൽ നൽകിയതായി രമ്യ ഹരിദാസ് എം.പി പറഞ്ഞു. കോവിഡിന് ശേഷം ഫണ്ട് പരിമിതി ചൂണ്ടിക്കാണിച്ചാണ് മേൽപ്പാല നിർമ്മാണം നടക്കാതെ പോയത്. മേൽപ്പാലം നിർമ്മിക്കാനായി വീണ്ടും റെയിൽവേ അധികൃതരെ സമീപിക്കുമെന്നും എം.പി. അറിയിച്ചു.