കൊടുങ്ങല്ലൂർ : പെരുംതോട് വലിയതോടിന്റെ ഉത്ഭവ കേന്ദ്രമായ പെരിഞ്ഞനം പഞ്ചായത്തിലെ തോണിക്കുളം നവീകരണ നിർമ്മാണം, പാർശ്വ സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി ശ്രീനാരായണപുരം പഞ്ചായത്തിലെ വാട്ടർ ടാങ്ക് കലുങ്ക് നിർമ്മാണവും നടത്താൻ ഒന്നരക്കോടി രൂപയുടെ ഭരണാനുമതി. കയ്പമംഗലം മണ്ഡലത്തിലെ പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട് പഞ്ചായത്തുകളിലൂടെ 14.7 1 കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ശുദ്ധജല സ്രോതസാണ് പെരുംതോട് വലിയതോട്. 2017 മുതൽ സർക്കാറിന്റെ വിവിധ വകുപ്പുകളും മതിലകം ബ്ലോക്ക് പഞ്ചായത്തിന്റേയും ഗ്രാമ പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ജനകീയ പങ്കാളിത്വത്തോടെയും വിവിധ ഘട്ടങ്ങളിലൂടെ ഈ തോട് സംരക്ഷിച്ച് പോരുന്നുണ്ട്. ഇതിന്റെ ഭാഗമായി പെരിഞ്ഞനം തോണിക്കുളം മുതൽ തോട് അവസാനിക്കുന്ന എറിയാട് പഞ്ചായത്തിലെ അറപ്പത്തോട് വരേയും പടന്ന തോട് വരേയും വൃത്തിയാക്കലും ചിലയിടങ്ങളിൽ കയർ ഭൂവസ്ത്രം വിരിക്കൽ, തീറ്റപ്പുൽ കൃഷി, തറാവ് കൃഷി, ഫലവൃക്ഷ തൈ നടൽ, കൽഭിത്തി കെട്ടൽ, തോടിന്റെ ആഴം കൂട്ടൽ, സ്ലൂയിസ് കം ബ്രിഡ്ജ് നിർമ്മിക്കൽ തുടങ്ങിയ പ്രവൃത്തികൾ നടന്നിരുന്നു.
തുടർന്നുള്ള നാളുകളിൽ പെരുംതോടുമായി ബന്ധപ്പെട്ട് മറ്റ് പഞ്ചായത്തുകളിലെ നവീകരണ പ്രവർത്തനങ്ങൾ നടക്കും.
- ഇ.ടി. ടൈസൺ എം.എൽ.എ.