കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ-കൂർക്കഞ്ചേരി റോഡിന്റെ കോൺക്രീറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 35 കിലോമീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്യാനും കട്ടകൾ വിരിക്കാനുമാണ് പി.ഡബ്ല്യു.ഡിക്ക് കീഴിലുള്ള കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് പ്രൊജക്ട് 'ഗവാർ അറ്റ് കോൺ ഇന്ത്യ'എന്ന കമ്പനിക്ക് 250 കോടി രൂപയ്ക്ക് ടെൻഡർ നൽകിയത്. എന്നാൽ 11 കിലോമീറ്റർ മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുള്ളത്. പല ഘട്ടങ്ങളിലായി ടാർ പൊട്ടിച്ച് കോൺക്രീറ്റ് നടത്തുന്നതിനാൽ പല ദിശകളിലായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇതുമൂലം വാഹന അപകടങ്ങളും യാത്രാദുരിതവും കൂടി വരികയാണ്. ഇതിനിടയിലാണ് തൃശൂർക്കുള്ള ഒരു ബസ് പാടത്തേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റത്. ദുരന്തസാദ്ധ്യത കണക്കിലെടുത്ത് കണിമംഗലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ദുരന്ത നിവാരണ നിയമപ്രകാരം കളക്ടർ ഉത്തരവിട്ടിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കൊടുങ്ങല്ലൂർ-തൃശൂർ പാസഞ്ചേഴ്‌സ് ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു. കാലാവധിക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മേഖലയിലെ എം.പിമാർ, എം.എൽ.എമാർ എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. സമ്മേളനം യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ മുൻ സോണൽ മാനേജർ പി.വി. അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. ഷാനവാസ് കാട്ടകത്ത് അദ്ധ്യക്ഷനായി. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് പി.എ. സീതിമാസ്റ്റർ, പി.കെ.എം അഷറഫ്, ടി.കെ. ഇബ്രാഹിം, കെ.എച്ച്. അബ്ദുൾ നാസർ, പി.ജി. പാർത്ഥസാരഥി മാസ്റ്റർ, സി.എസ്. തിലകൻ, പി.കെ. ജസീൽ, കെ.ടി. സുബ്രഹ്മണ്യൻ, സലിം തോട്ടുങ്ങൽ, പ്രൊഫ. കെ. അജിത, കെ.എ. സുലൈമാൻ, വി.ആർ. രഞ്ജിത്ത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.