കുന്നംകുളം: നഗര വാർഡുകളിൽ 10 ശതമാനം സേവന നികുതി ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കൗൺസിലിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. പദ്ധതി രേഖ നൽകിയില്ലെന്നാരോപിച്ച് കൗൺസിലിൽ ബി.ജെ.പി കൗൺസിലർമാരുടെ പ്രതിഷേധം. ബി.ജെ.പി അംഗങ്ങൾ ചെയർപേഴ്‌സൺ സീതാരവീന്ദ്രന്റെ ചേമ്പറിന് മുമ്പിൽ പ്രതിഷേധിച്ചു. ഇതോടെ ചെയർപേഴ്‌സൺ യോഗം അവസാനിപ്പിച്ചു. സംസ്ഥാന സ്വയംഭരണ വകുപ്പിന്റെ വിജ്ഞാപന പ്രകാരം ഗ്രാമീണ വാർഡുകൾ ഒഴികെയുള്ള വാർഡുകളിൽ 2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ വീട് ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് 10 ശതമാനം സേവന നികുതി ഏർപ്പെടുത്താൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഓരോ അഞ്ച് വർഷക്കാലയളവ് പൂർത്തിയാകുംവരെ അഞ്ച് ശതമാനം വർദ്ധനവും വരുത്തും. 600 ചതുരശ്ര വിസ്തീർണ്ണമുള്ള വീടുകൾക്ക് വീട്ടു നികുതി സൗജന്യമാക്കും. 2012ലെ കൗൺസിൽ തീരുമാനപ്രകാരം നഗരസഭാ പരിധിയിൽപെട്ട പ്രദേശങ്ങളെ പ്രഥമം, ദ്വിതീയം, ത്രിതീയം എന്നിങ്ങനെ മൂന്നാക്കി തരംതിരിച്ചിരുന്നു.
പ്രഥമത്തിൽപെടുന്ന കക്കാട്, മുനിമട, ചെറുകുന്ന്, ടൗൺ, നെഹ്രു നഗർ, ശാന്തിനഗർ തുടങ്ങിയ നഗര വാർഡുകളിൽ 10 ശതമാനം സേവനനികുതി ഏർപ്പെടുത്തും. ബാക്കിയുള്ള ഗ്രാമീണ മേഖലയിലുൾപ്പെടുന്ന 31 വാർഡുകളെ നികുതിയിൽ നിന്നും ഒഴിവാക്കി. അതേസമയം സേവന നികുതി ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും കൗൺസിൽ യോഗം തീരുമാനിച്ചു. ശുചിത്വ പരിപാലനം, പൊതു ടാപ്പ് ജലവിതരണം, തെരുവിളക്കുകൾ, ഡ്രൈനേജ് എന്നിവയ്ക്കായാണ് സേവന നികുതിയായി ഈടാക്കുന്നത്. എല്ലാ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകളെയും വസ്തു നികുതിയിൽ ഉൾപ്പെടുത്തി. വാർഡ് 31 അഞ്ഞൂർ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങൾക്ക് പട്ടയം നൽകാനും മൂന്ന് കുടുംബങ്ങൾ വ്യവസ്ഥകൾ ലംഘിച്ച് ഭൂമി കൈമാറ്റം നടത്തിയിട്ടുള്ള സാഹചര്യത്തിൽ പട്ടയം റദ്ദാക്കാനും യോഗം തീരുമാനിച്ചു. വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.സുരേഷ്, കൗൺസിലർമാരായ എ.എസ്.സുജീഷ്, വി.കെ.സുനിൽകുമാർ, ബിജു സി.ബേബി, ബിനു പ്രസാദ്, കെ.കെ.മുരളി എന്നിവർ സംസാരിച്ചു.
ബി.ജെ.പി. കൗൺസിലർമാർ ചെയർപേഴ്‌സന്റെ ചേമ്പറിന് മുമ്പിൽ നിന്ന് പ്രതിഷേധിക്കുന്നു