തൃശൂർ: കോർപ്പറേറ്റുകളെ കലയും സംസ്‌കാരവും ഏൽപ്പിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സാഹിത്യ അക്കാഡമിയിലെ സാഹിത്യോത്സവത്തിൽ സി.എസ്.വെങ്കിടേശ്വരനുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അടൂർ. സാമൂഹിക ജീവിതത്തെ എത്ര ഭംഗിയായി ചമയ്ക്കുന്നു എന്നതിലാണ് ഒരു സംവിധായകന്റെ പ്രതിഭ. എഴുത്തുകാരെ കൂടി വിശ്വാസത്തിലെടുത്താണ് സാഹിത്യ കൃതികളെ സിനിമയാക്കിയത്. തുടക്കത്തിൽ എതിർത്ത എഴുത്തുകാർ പോലും അവരുടെ കൃതി സിനിമയായിക്കണ്ട ശേഷം അഭിനന്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് കൂംസ്, വിവേക് ശാൻഭാഗ്, രാജ് നായർ, പി.എൻ.ഗോപീകൃഷ്ണൻ, സുനിൽ പി.ഇളയിടം തുടങ്ങിയവരുടെ ചർച്ചകളും പ്രഭാഷണങ്ങളും നടന്നു. 20 സെഷനുകൾക്ക് ശേഷം കലാമണ്ഡലത്തിന്റെ സഹകരണത്തോടെ കഥകളി അവതരണവുമുണ്ടായി.
ഇന്ത്യ ഒട്ടനേകം ആശയങ്ങൾ ചേർന്നത്: അശോക് വാജ്‌പേയ്
ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും മാത്രമല്ല, ഇന്ത്യയെന്ന ആശയവും നിരന്തരമായ ആക്രമണങ്ങൾക്കും പാത്രമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അശോക് വാജ്‌പേയ് പറഞ്ഞു. ഇന്ത്യ ഒട്ടനേകം ആശയങ്ങൾ ചേർന്നതാണ്. ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കുന്ന ശക്തികൾ നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ തച്ചുടയ്ക്കുന്നു. വിയോജിക്കാനും സംവദിക്കാനും സംഭാഷണങ്ങളിലേർപ്പെടാനും നമുക്ക് കരുത്തുപകർന്ന ജനാധിപത്യമൂല്യങ്ങൾ കൈമോശം വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യവും മതേതരത്വവും നിരന്തരമായി ആക്രമണത്തിന് വിധേയമാകുന്ന, രീതിയിലേക്ക് രാജ്യം അധഃപതിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളതെന്ന് സച്ചിദാനന്ദൻ നിരീക്ഷിച്ചു. ഇംഗ്‌ളീഷുകാരുടെ അധിനിവേശത്തോടെ കടന്നുവന്ന ഇംഗ്ലീഷ് ഭാഷയുടെ മേധാവിത്തം സ്വാതന്ത്ര്യാനന്തരവും തുടരുകയാണെന്നും അദ്ധ്യക്ഷനായിരുന്ന കെ.സേതുരാമൻ പറഞ്ഞു. പ്രസാദ് അലക്‌സ്, എതിരൻ കതിരവൻ, പി.കെ.പോക്കർ, സി.എസ്.മീനാക്ഷി, സീമ ശ്രീലയം, ജീവൻ ജോബ് തോമസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.