
തൃശൂർ: ഓഡിറ്റർമാരുടെ കുറവിനെ തുടർന്ന് സഹകരണ ബാങ്കുകളിൽ പരിശോധന കർശനമാക്കാനായി ആരംഭിച്ച ടീം ഓഡിറ്റ് പ്രതിസന്ധിയിൽ. കരുവന്നൂരിലേത് ഉൾപ്പെടെയുള്ള തട്ടിപ്പുകളെ തുടർന്നാണ് ആദ്യം തൃശൂരിലും പിന്നീട് പത്തനംതിട്ടയിലുമായി ഓഡിറ്റ് തുടങ്ങിയത്. പിന്നാലെ കോട്ടയത്ത് ടീം ഓഡിറ്റിന് ഉത്തരവാകുകയും ശേഷം മറ്റ് രണ്ട് ജില്ലകളിൽ തുടങ്ങാനും തീരുമാനിച്ചിരുന്നു. ടീം ഓഡിറ്റിന് നൂറോളം ഓഡിറ്റർമാരും 75 ഓളം ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർമാരും ഗസറ്റഡ് റാങ്കിലുള്ള 60 ഓളം ഉദ്യോഗസ്ഥരും പുതുതായി വേണ്ടിവരും. നിലവിൽ സഹകരണ ഓഡിറ്റ് വിഭാഗത്തിൽ രണ്ടായിരത്തിലധികം ജീവനക്കാരുണ്ടെന്നാണ് വിവരം.
സഹകരണ വകുപ്പിലെ ഓഡിറ്റർമാരെ നിയോഗിച്ചായിരുന്നു ഓഡിറ്റ്. ഒരു സംഘത്തിൽ മൂന്ന് പേർ. ഒഴിവ് കൃത്യമായി റിപ്പോർട്ട് ചെയ്യാതെയും നികത്താതെയും നിലവിലുള്ളവരെ നിയോഗിക്കുന്നതായിരുന്നു പ്രധാന പ്രശ്‌നം. ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നുവെന്ന് വകുപ്പധികൃതർ പറയുമ്പോഴും സംഘങ്ങൾ ആവശ്യപ്പെടാറുള്ള ഓഡിറ്റർമാരുടെ കൃത്യമായ എണ്ണം റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്. 500 കോടി പ്രവർത്തന മൂലധനമുള്ളവയിൽ ഡെപ്യൂട്ടി ഡറക്ടറുടെ നേതൃത്വത്തിലാകണം ഓഡിറ്റെങ്കിലും സ്ഥാനക്കയറ്റം നൽകാത്തതിനാൽ ഇതും പ്രതിസന്ധിയിലാണ്. ആവശ്യമായ ജീവനക്കാരില്ലാതെ ഓഡിറ്റ് നടത്തുന്നത് കാര്യക്ഷമമാകില്ലെന്ന് സംഘടനകൾ നിലപാടെടുത്തെങ്കിലും ഫലമുണ്ടായില്ല. സംഘങ്ങളുടെ വലിപ്പമനുസരിച്ചാണ് ടീമുകൾക്കുള്ള അവയുടെ എണ്ണം നിശ്ചയിക്കുന്നത്. നിലവിൽ കോട്ടയത്തെ ഓഡിറ്റിന് ഒരു ടീമിന് 98 സംഘങ്ങളുടെ പരിശോധനാച്ചുമതല നൽകിയത് ജീവനക്കാരിൽ പ്രതിഷേധത്തിനിടയാക്കി.
മറ്റ് ജില്ലകളിലും ഇതേ പ്രശ്‌നമുണ്ടത്രേ. പ്രവർത്തനമൂലധനം കൂടുതലുള്ള സംഘങ്ങൾക്കാണ് എണ്ണം കുറച്ചതെന്നാണ് അധികൃതരുടെ വാദമെങ്കിലും സമയപരിധിക്കുള്ളിൽ പരിശോധന അസാദ്ധ്യമാണെന്നും അവർ പറയുന്നു. പുതുതായി തുടങ്ങിയ പതിനാല് താലൂക്കുകളിൽ അസി. രജിസ്ട്രാർ ഓഫീസുകൾ തുടങ്ങിയെങ്കിലും ഓഡിറ്റർമാരെ നിയമിച്ചില്ലെന്നും ആക്ഷേപമുണ്ട്.
കർശന പരിശോധനയ്ക്ക് നിർദ്ദേശം
ഓഡിറ്റർമാരുടെ കുറവ് പരിഹരിക്കാൻ ഓഡിറ്റ് പൂർത്തിയാക്കുന്ന ടീമിനെ ആളില്ലാത്ത സ്ഥലങ്ങളിൽ നിയോഗിക്കും. മാനദണ്ഡം ലംഘിച്ച് വായ്പ, പണാപഹരണം, അനധികൃത നിയമനം, സ്റ്റോക്കിൽ കുറവ്, സർക്കാർ ഫണ്ട് ദുരുപയോഗം തുടങ്ങിയ ക്രമക്കേടുകൾ മിക്ക സംഘങ്ങളിലുമുള്ളതിനാൽ ആധാരങ്ങൾ, ബാങ്ക് രേഖകൾ, ഇടപാടുകൾ ഉൾപ്പെടെ കർശനമായി പരിശോധിക്കണമെന്നാണ് നിർദ്ദേശം.