തൃശൂർ: മിൽമ എറണാകുളം മേഖലാ യൂണിയൻ ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 31 വരെ സംഭരിക്കുന്ന പാലിന് ഏഴ് രൂപ പ്രോത്സാഹന അധികവില നൽകാൻ തീരുമാനിച്ചതിന്റെ ഭാഗമായി ജില്ലയിൽ രണ്ട് കോടി രൂപ വിതരണം ചെയ്യുമെന്ന് ചെയർമാൻ എം.ടി.ജയൻ അറിയിച്ചു. 200ൽപരം വരുന്ന ക്ഷീരസംഘങ്ങളിൽ നിന്നും മിൽമ സംഭരിക്കുന്നത് ഏകദേശം 50,000 ലിറ്റർ പാലാണ്. ഫെബ്രുവരി ഒന്ന് മുതൽ സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും കർഷകർക്ക് അഞ്ച് രൂപയും സംഘത്തിന് രണ്ട് രൂപയും എന്ന നിലയിൽ ഏഴ് രൂപയാണ് പ്രോത്സാഹന വിലയായി നൽകുന്നത്.
ക്ഷീരമേഖലയുടെ ചരിത്രത്തിൽ ഒരു മേഖലാ യൂണിയൻ നൽകുന്ന ഏറ്റവും കൂടിയ പ്രോത്സാഹന വിലയാണിതെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി എറണാകുളം മേഖലാ യൂണിയൻ നടപ്പാക്കുന്ന സമ്പൂർണ്ണ കന്നുകാലി സമഗ്ര ഇൻഷ്വറൻസ് പദ്ധതിയും അതിനോടനുബന്ധിച്ചുള്ള മെഡിക്കൽ ക്യാമ്പും, ടെലിമെഡിസിനും വ്യാപകമായ തോതിൽ ജില്ലയിലെ സംഘങ്ങളിൽ സംഘടിപ്പിച്ചു വരികയാണ്. ഉൽപാദന ഉപാധികൾ ഉൾപ്പെടെ സംഘങ്ങൾക്കും, കർഷകർക്കും സബ്‌സിഡിയോട് കൂടിയുള്ള വിവിധ പദ്ധതികൾ തുടരുന്നുണ്ടെന്നും, മേഖലാ യൂണിയന്റെ ഈ വർഷത്തെ പ്രവർത്തന ലാഭത്തിൽ നിന്നും ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായി ആയിരത്തിൽപരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിലെ കർഷകർക്കും സംഘങ്ങൾക്കുമായി 25 കോടിയിലേറെ രൂപ ചെലവഴിക്കുമെന്നും എം.ടി.ജയൻ അറിയിച്ചു