prasanth-

കൊച്ചി: സംസ്ഥാന ഹയർ ജുഡിഷ്യൽ സർവീസ് പരീക്ഷയിൽ വിജയികളായ ജെന്നിസ് സ്റ്റീഫൻ, എസ്. ശ്രീജിത്ത്, അചിന്ത്യരാജ് ഉണ്ണി, കെ.എൻ. പ്രശാന്ത് എന്നിവരെ ഹൈക്കോടതിയുടെ ശുപാർശപ്രകാരം ജില്ലാ - സെഷൻസ് ജഡ്ജിമാരായി ഗവർണർ നിയമിച്ചു. പോസ്റ്റിംഗ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകും. ബാറിൽ നിന്ന് നേരിട്ടുള്ള നിയമനമാണ് ഇവരുടേത്.

• ജെന്നിസ് സ്റ്റീഫൻ

കോട്ടയം കുറവിലങ്ങാട് കുര്യനാട് കുറുമുട്ടത്ത് കെ.എ. മത്തായിയുടെയും മറിയത്തിന്റെയും മകൻ. കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നിന്ന് ക്രിമിനൽ ലായിൽ ഗോൾഡ് മെഡലോടെ എൽ.എൽ.ബിയും എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.എമ്മും. ഹൈക്കോടതിയിൽ സിവിൽ, ബാങ്കിംഗ്. ഭരണഘടനാ കേസുകളിൽ പ്രാക്ടീസ്. ഭാര്യ: ഹൈക്കോടതി അഭിഭാഷക ടെൽമ.

• എസ്. ശ്രീജിത്ത്

പുനലൂർ തൊളിക്കോട് കാർത്തിക മന്ദിരത്തിൽ, പുനലൂർ ബാറിലെ അഭിഭാഷകനായ പി.സി. ശിവരാജൻപിള്ളയുടെയും ശ്യാമളകുമാരിയുടെയും മകനാണ് എസ്. ശ്രീജിത്ത്. കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നിന്ന് എൽ.എൽ.ബി പാസായ ശേഷം കാമ്പസ് സെലക്ഷനിലൂടെ മുംബയിലെ ലാ സ്ഥാപനത്തിൽ ജോലി ആരംഭിച്ചു.

2013ൽ പുനലൂർ കോടതിയിൽ പ്രാക്ടീസ് തുടങ്ങി. ആറ് വർഷമായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. ദന്തഡോക്ടറായ ശ്രീലേഖ രവികുമാറാണ് ഭാര്യ. രണ്ടരവയസുകാരി സാൻവിക ശ്രീജിത്ത് മകളാണ്.

• അചിന്ത്യരാജ് ഉണ്ണി

മണിയൂർ കരുവഞ്ചേരി അച്യുതൻ മാസ്റ്ററുടെയും രാധ ടീച്ചറുടെയും മകനാണ് 'ചാരുത" ഭവനത്തിൽ അചിന്ത്യരാജ് ഉണ്ണി. കോഴിക്കോട് ലാ കോളേജിൽ നിന്ന് എൽ.എൽ.ബി. പാസായി. 2009ൽ വടകര കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. അഭിഭാഷകയായ ടി. അർച്ചനയാണ് ഭാര്യ. രേവ പത്മ (3)മകളാണ്.

• കെ.എൻ.പ്രശാന്ത്

കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് സ്വദേശിയാണ് അഡ്വ.കെ.എൻ.പ്രശാന്ത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഗ്രി, തൃശൂർ ലാ കോളേജിൽ നിന്ന് എൽ.എൽ.ബി, എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ക്രിമിനോളജിയിൽ എൽ.എൽ.എം. മന്ദാരത്തിൽ വീട്ടിൽ നാരായണൻ നായരുടെയും കമലയുടെയും ഏകമകനാണ്. അഡ്വ.ഐശ്വര്യയാണ് ഭാര്യ. രണ്ടാം ക്ലാസുകാരി നീഹാര ഏക മകൾ.