കുന്നംകുളം: ജനുവരി 26ന് നടന്ന ചിറ്റഞ്ഞൂർ കാവിലക്കാട് ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര പൂരാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിന് കാരണം ആനയെ പാപ്പാന്മാർ നിശ്ചയിച്ച സ്ഥാനം തെറ്റിച്ച് നിറുത്തിയത് കൊണ്ടാണെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദേശക്കമ്മിറ്റികളായ സമന്വയ കമ്മിറ്റി കൊണ്ടുവന്ന തൃക്കടവൂർ ശിവരാജു എന്ന ആനയുമായോ, വനദുർഗ്ഗ കമ്മിറ്റി കൊണ്ടുവന്ന പുതുപ്പള്ളി കേശവൻ എന്ന ആനയുമായോ, മറ്റ് ആനകളുമായോ യാതൊരുവിധ സ്ഥാനതർക്കവും ഉണ്ടായിരുന്നില്ല. എല്ലാദേശ പൂരങ്ങളും ക്ഷേത്രപ്രദക്ഷിണം കഴിഞ്ഞ് മൈതാനിയിലേയ്ക്ക് പ്രവേശിച്ച സമയത്ത് ദേവി തിടമ്പേറ്റിയ ഊക്കൻസ് കുഞ്ചു എന്ന ആന നിൽക്കേണ്ട സ്ഥാനത്ത്, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയുടെ സമീപത്തായി ചിറക്കൽ കാളിദാസൻ എന്ന ആനയെ പാപ്പാന്മാർ നിശ്ചയിച്ച സ്ഥാനം തെറ്റിച്ച് നിറുത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ കൊണ്ടുവന്ന കിഴക്കുമുറി പൂരാഘോഷകമ്മിറ്റിയും ചിറക്കൽ കാളിദാസൻ എന്ന ആനയെ കൊണ്ടുവന്ന തെക്കുഭാഗം പുരാഘോഷകമ്മിറ്റിയും തമ്മിൽ ചെറിയ സംഘർഷം ഉടലെടുക്കാൻ ഇത് കാരണമായെന്നും ഭാരവാഹികൾ വ്യക്തമാക്കി.
നടന്ന സംഭവങ്ങളെ കുറിച്ച് വസ്തുതകൾക്ക് വിരുദ്ധമായി ചില വാർത്തകൾ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് കെ.ആർ.അനൂപ് , സെക്രട്ടറി സി.എം.അനിൽ കുമാർ, ജോ.സെക്രട്ടറി ടി.സി.സജീവ്, എക്‌സിക്യുട്ടീവ് അംഗം സി.കെ.ഷാജി തുടങ്ങിയവർ പങ്കെടുത്തു.