
വടക്കാഞ്ചേരി : മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ വടക്കാഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഗാന്ധിജിയുടെ ഛായാചിത്രവും, നിലവിളക്കും കെ.പി.സി.സിയുടെ സമരാഗ്‌നി ജാഥയുടെ പോസ്റ്ററും പ്രവർത്തകർ വലിച്ചെറിഞ്ഞു. കസേരകൾ തല്ലിയൊടിച്ചു. സംഘട്ടനത്തിൽ പരിക്കേറ്റ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി.ജയദീപ്, നഗരസഭാ കൗൺസിലറും മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റുമായ ബുഷറ റഷീദ് എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ കെ.എസ്.നാരായണൻ നമ്പൂതിരി സ്മാരക മന്ദിരത്തിലായിരുന്നു സംഭവം. ഗാന്ധി അനുസ്മരണച്ചടങ്ങ് നേരത്തെ തുടങ്ങണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തു വന്നതോടെയാണ് വാക്കുതർക്കവും കൈയാങ്കളിയുമായത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി.ജയദീപും സംഘവും ,മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ഇതിനിടെ മാരകായുധങ്ങളുമായി ചിലർ പാർട്ടി ഓഫീസിലെത്തി. മണ്ഡലം പ്രസിഡന്റായി ബിജു ഇസ്മയിൽ ചുമതലയേൽക്കുന്ന ചടങ്ങിൽ നിന്ന് ബ്ലോക്ക് പ്രസിഡന്റ് ഉൾപ്പെടെ വലിയൊരു വിഭാഗം വിട്ടു നിന്നിരുന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി പി.ജി.ജയദീപിനെ നിയമിച്ചതോടെ, പാർട്ടിയിൽ പ്രശ്‌നങ്ങൾ രൂക്ഷമായിരുന്നു.
ഒരു വിഭാഗം പ്രവർത്തകർ പാർട്ടി ബ്ലോക്ക് കോൺഗ്രസ് ഓഫീസിലേക്ക് കയറാത്ത അവസ്ഥയുമുണ്ട്. മറ്റൊരു കെട്ടിടത്തിൽ കോൺഗ്രസിന്റെ സമാന്തര പ്രവർത്തനവും നടക്കുന്നതായി പറയുന്നു. അതേസമയം പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഡി.സി.സി നേതൃത്വത്തിന് കഴിയാതെ പോയതാണ് കൈയാങ്കളിയിലെത്തിയതെന്നും പറയുന്നു.