ചാലക്കുടി: ചരിത്ര പ്രസിദ്ധമായ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ അമ്പുതിരുനാൾ ഫെബ്രുവരി 2മുതൽ 5വരെ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കും. ബുധനാഴ്ച വൈകിട്ട് 4.30ന് പാലക്കാട് രൂപതാ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് കൊടിയേറ്റും. വെള്ളിയാഴ്ച രാവിലെ മുതൽ തിരുനാൾ കുർബാനകൾ ആരംഭിക്കും. വൈകിട്ട് തിരുസരൂപം എഴുന്നള്ളിക്കലും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മവും നടക്കും. തുടർന്ന് മെഗാ ഷോയുമുണ്ടാകും.നിർദ്ധനായ മൂന്ന് കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. ശനിയാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി 10 ന് അമ്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ തിരിച്ചെത്തും. തുടർന്ന് വർണ മഴയും നടത്തും. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന ആഘോഷമായ പാട്ടു കുർബാനയ്ക്ക് ഫാ.ആൻജോ പുത്തൂർ കാർമ്മികനാകും. വൈ.നാലിന് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും.പ്രദക്ഷിണം തിരിച്ചെത്തിയതിനു ശേഷം ആഘോഷമായ ദിവ്യബലിയും നടക്കും. തിങ്കളാഴ്ചയാണ് ടൗൺ അമ്പ്. ചാലക്കുടി മർച്ചൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ രാത്രി ഏഴിന് വെള്ളികുളം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ടൗൺ അമ്പ് പ്രദക്ഷിണം രാത്രി പള്ളിയിൽ തിരിച്ചെത്തും. തുടർന്ന് വർണ മഴയും നടത്തും. ഇക്കുറി വലിയ ആഘോഷ പരിപാടികളാണ് തിരുനാളിന് ഒരുക്കിയിരിക്കുന്നതെന്ന് വികാരി ഫാ.ജോളി വടക്കൻ വാർത്താ സമ്മേളനത്തിന് അറിയിച്ചു, ജനറൽ കൺവീനർ ഷിബു എലവത്തിങ്കൽ, കൈകാരന്മാരായ ജോൺ ആളൂക്കാരൻ, ഡേവിസ് മാച്ചാമ്പിള്ളി,കൺവീനർമാരായ ജോഷി പുത്തരിക്കൽ, ജോഷി മാളിയേക്കൽ, നിശാന്ത് ഡി.കൂള,ടി.ടി.വിജു എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.