 
തൃശൂർ: നവ ഉദാരവത്കരണം നവഫാസിസവുമായി സന്ധി ചെയ്യുന്ന സാഹചര്യമാണ് ഇന്ത്യയിൽ ഇന്നുള്ളതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ പ്രഭാത് പട്‌നായിക്. സാർവദേശീയ സാഹിത്യോത്സവത്തിന്റെ മൂന്നാം ദിവസം 'ഹൗ ഡെമോക്രസി ഡൈസ്: നിയോലിബറലിസം ആൻഡ് ഫാസിസം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികവളർച്ചയെക്കുറിച്ചുള്ള നവ ഉദാരവത്കരണത്തിന്റെ പൊള്ളയായ വാഗ്ദാനങ്ങൾ പാഴാവുകയും നവ ഉദാരവത്കരണം വെല്ലുവിളി നേരിടുകയും ചെയ്യുന്ന ഘട്ടത്തിൽ അതിന് ഒരു ഫാസിസ്റ്റ് തത്ത്വശാസ്ത്രത്തിന്റെ പിന്തുണ വേണ്ടിവരും. എല്ലാ ഭരണകൂടത്തിനും ചില ധാർമ്മിക ന്യായീകരണങ്ങൾ വേണം. ദാരിദ്ര്യം പിടിമുറുക്കുമ്പോൾ, നിങ്ങളുടെ കാലം വരുമെന്ന വാഗ്ദാനത്തിന്റെ കാലാവധി കഴിയുമ്പോൾ, ജനങ്ങളുടെ കണ്ണുകെട്ടാനൊരു തത്ത്വശാസ്ത്രം.
യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും, സംവാദവ്യവഹാരങ്ങളുടെ ദിശമാറ്റാനുമാണിത്. ഇന്ത്യയിൽ ഇന്നുള്ളത് ഈ മാതൃകയിലെ കോർപറേറ്റ് ഹിന്ദുത്വമാണ്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ തൊഴിലില്ലായ്മ അനുഭവിക്കുമ്പോഴും ഇന്ത്യയിൽ രാമക്ഷേത്രം പ്രധാന ചർച്ചാവിഷയമാകുന്നത് അതുകൊണ്ടാണ് പട്‌നായിക് ചൂണ്ടിക്കാട്ടി.