തൃശൂർ: എന്റെ പല സിനിമകളും ഗൗരവമേറിയ വിഷയങ്ങളാണ്, പക്ഷേ, എന്നെയൊരു കോമഡി ചെയ്യുന്ന ഡയറക്ടറായിട്ടാണ് എല്ലാവർക്കും പരിചയമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ''ആഖ്യാനം: സിനിമയിലും സാഹിത്യത്തിലും'' എന്ന വിഷയത്തിൽ സി.വി.ബാലകൃഷ്ണനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വിഷയം എങ്ങനെ പറയുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും അത് കേൾക്കുന്നയാൾ വ്യാഖ്യാനിക്കുന്നത്.
ജീവിതത്തിലെ അനുഭവങ്ങളാണ് സിനിമയിലൂടെ മറ്റുള്ളവർക്ക് പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു. ലോകനോവലുകളിലും സിനിമകളിലും പുതിയ പുതിയ ആഖ്യാനരീതികളുണ്ട്. അത് തന്നിൽ വിസ്മയമുളവാക്കുന്നുവെന്നും സി.വി.ബാലകൃഷ്ണൻ പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവിനെക്കുറിച്ചുള്ള കാണികളുടെ ചോദ്യത്തിന് ഉത്തരമായി സിനിമകൾ ആത്യന്തികമായി ഇപ്പോഴും തിയേറ്ററുകളുടേതാണെന്നും അധികം വൈകാതെ ആളുകൾ തിയേറ്ററുകളിലേക്ക് തിരിച്ചുവരുമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. കഥയും ഞാനും പാനൽ ചർച്ചയിൽ ബി.എം.സുഹറ, ഫ്രാൻസിസ് നൊറോണ, വി.എം.ദേവദാസ്, വിനു എബ്രഹാം, സി.അനൂപ്, വി.കെ.കെ.രമേഷ്, ഐസക് ഈപ്പൻ എന്നിവർ പങ്കെടുത്തു.