1

തൃശൂർ: പ്രപഞ്ചത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ആത്യന്തികമായ അറിവ് നേടാനുള്ള ഒരുപകരണമായിക്കൂടിയാണ് കുമാരനാശാൻ കവിതയെ കാണുന്നതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. 'ആശാന്റെ കരുണ' എന്ന വിഷയത്തിലുള്ള പ്രഭാഷണത്തിലാണ് കുമാരനാശാന്റെ കാവ്യസപര്യയുടെ വിശാലമായ അർത്ഥങ്ങളിലേക്ക് ചുള്ളിക്കാട് സഞ്ചരിച്ചത്. മലയാളത്തിലെ ഏറ്റവും കൂടുതൽ പഠിക്കപ്പെട്ടിട്ടുള്ള കവി കുമാരനാശാനാണ്.
എന്ത് സംസാരിച്ചാലും അതൊന്നും ആശാൻ കവിതയ്ക്ക് പകരമാകില്ല. കാവ്യകലയെപ്പറ്റി വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടായിരുന്ന കവിയാണ് ആശാൻ. കാവ്യകല എന്ന പേരിൽതന്നെ ഒരു കവിത അദ്ദേഹം എഴുതിയിട്ടുണ്ട്. 'കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം' എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇന്ദ്രിയം എന്നത് അറിവ് നേടാനുള്ള ഒരു ഉപകരണമാണ്.

അഞ്ചിന്ദ്രിയങ്ങളും ആ ഇന്ദ്രിയങ്ങളുടെ സൂക്ഷ്മരൂപമായ മനസും ഉപയോഗിച്ച് നേടാൻ കഴിയാത്ത അറിവ് നേടാനുള്ള ഉപകരണമായിട്ടാണ് കവിതയെ ആശാൻ കാണുന്നത്. പ്രപഞ്ചത്തിന്റെ അടിസ്ഥാന ചാലക ശക്തിയായിക്കൂടി അദ്ദേഹം കവിതയെ കാണുന്നു. സ്ഥൂലത്തിലും സൂക്ഷ്മത്തിലും പ്രവർത്തിക്കുന്ന മഹാശക്തിയായിട്ടോ അതിന്റെ പര്യായമായിട്ടോയാണ് ആശാൻ കവിതയെ കണ്ടത്. അപ്പോഴും അദ്ദേഹം തന്നെ പറയുന്നുണ്ട്, 'ആർക്കും നിൻ വടിവറിയില്ല' എന്ന്.' 'കരുണ' എന്ന ഖണ്ഡകാവ്യം ജീവിതത്തിന്റെ അർത്ഥതലങ്ങളെ എങ്ങനെയൊക്കെ സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നുവെന്നും ഗുരുവിന്റെയും ബുദ്ധന്റെയും ദർശനങ്ങൾ അതിൽ എങ്ങനെയെല്ലാം രൂഢമൂലമായി കിടക്കുന്നുവെന്നും ചുള്ളിക്കാട് വിവരിച്ചു.