rjd

ചാലക്കുടി: കോണ്‍ഗ്രസിന്റെ പക്വതയില്ലാത്ത രാഷ്ട്രീയ നിലപാട് മൂലമാണ് നിതീഷ് കുമാര്‍ ഇന്ത്യാ സഖ്യം വിടാന്‍ കാരണമെന്ന് ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലി. രാഷ്ട്രീയ യുവ ജനതാദള്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'കൊന്നതാണ് ഗാന്ധിജിയെ. കൊല്ലരുത് മതേതരത്വം' എന്ന മുദ്രവാക്യം ഉയര്‍ത്തി സംഘടിപ്പിക്കുന്ന പ്രതിഷേധ ജ്വാല സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മദ്ധ്യപ്രദേശിലും രാജസ്ഥാനിലും അടക്കം തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇന്ത്യാ സഖ്യത്തെ കോണ്‍ഗ്രസ് ഒഴിവാക്കി. തെരഞ്ഞെടുപ്പ് എത്തിനില്‍ക്കുമ്പോള്‍ നടത്തുന്ന യാത്രയില്‍ കക്ഷിനേതാക്കളെയും ഒഴിവാക്കുകയായിരുന്നു. അവസരവാദിയായ നിതീഷിനെ ബി.ജെ.പിക്ക് ഗുണകരമായി എത്തിച്ച് നല്‍കുകയും ചെയ്തെന്നും യൂജിന്‍ മോറേലി പറഞ്ഞു.
ആര്‍.വൈ.ജെ.ഡി.ജില്ലാ പ്രസിഡന്റ് ഡെസ്റ്റിന്‍ താക്കോല്‍ക്കാരന്‍ അദ്ധ്യക്ഷനായി. ബഷീര്‍ തൈവളപ്പില്‍, ജോര്‍ജ് വി. ഐനിക്കല്‍, കാവ്യ പ്രദീപ്, ജോഷി മംഗലശ്ശേരി, അഡ്വ. ഫ്രെഡി ജാക്‌സണ്‍ പെരേര, ബിന്റീഷ് അതിരപ്പിള്ളി, ലെറിന്‍ ജോണി, തോമസ് തണ്ടിയേക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.