
തൃശൂർ: സാഹിത്യ അക്കാഡമിയുടെ സാർവദേശീയ സാഹിത്യോത്സവത്തോടനുബന്ധിച്ച് ടൗൺഹാളിൽ നടക്കുന്ന പുസ്തകോത്സവം ശ്രദ്ധേയം. അറുപത്തഞ്ചിലധികം പ്രസാധകരെ അണിനിരത്തി നൂറിലധികം സ്റ്റാളുകളുൾപ്പെടുന്നതാണ് പുസ്തകോത്സവം. ഡി.സി ബുക്‌സ്, എച്ച് ആൻഡ് സി, പൂർണ്ണ പബ്ലിക്കേഷൻസ്, കറന്റ് ബുക്‌സ്, സാഹിത്യപ്രവർത്തക സഹകരണസംഘം, ഗ്രീൻ ബുക്‌സ് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങൾ വിലക്കിഴിവിൽ വാങ്ങാം. കേരള ചരിത്രഗവേഷണ കൗൺസിൽ, നാഷണൽ ബുക് ട്രസ്റ്റ് ഒഫ് ഇന്ത്യ, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ വൈജ്ഞാനികഗ്രന്ഥങ്ങളും, എൻജിനീയറിംഗ് സാങ്കേതിക വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന ഗ്രന്ഥങ്ങളും പുസ്തകോത്സവത്തിൽ ലഭിക്കും. സാഹിത്യ അക്കാഡമി, സംഗീതനാടക അക്കാഡമി, ലളിതകലാ അക്കാഡമി, ഫോക്‌ലോർ അക്കാഡമി എന്നിവയുടെ പുസ്തകങ്ങളും വിലക്കിഴിവിൽ ലഭ്യമാണ്. സാഹിത്യോത്സവ ഡെലിഗേറ്റുകൾക്ക് സാഹിത്യ അക്കാഡമിയുടെ സ്റ്റാളിൽ നിന്ന് 35% കിഴിവിൽ പുസ്തകങ്ങൾ വാങ്ങാനുള്ള സൗകര്യവുമുണ്ട്.