
തൃശൂർ: സ്ത്രീവിരുദ്ധവും മതവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ഒരു ഏകീകൃത സിവിൽകോഡ് ഇന്ത്യയിൽ നിലവിൽ വരാനുള്ള സാദ്ധ്യതയുണ്ടെന്നും, വ്യക്തിനിയമങ്ങളുടെ പരിഷ്കാരമാണ് യഥാർത്ഥത്തിൽ ആവശ്യമെന്നും ഡോ.ഖദീജാ മുംതാസ്. 'സ്ത്രീകളും നിയമവും' പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. നിയമങ്ങളെ മനസിലാക്കാനും, മറ്റുള്ളവർക്ക് ഗുണകരമായ രീതിയിൽ പ്രയോജനപ്പെടുത്താനും നിയമസാക്ഷരത അത്യന്താപേക്ഷിതമാണെന്നും അദ്ധ്യക്ഷപ്രസംഗത്തിൽ അഡ്വ.ആശാ ഉണ്ണിത്താൻ വ്യക്തമാക്കി. പുരുഷാധിപത്യം നിലവിലുള്ള സമൂഹത്തിൽ സ്ത്രീയനുകൂല നിയമവ്യവസ്ഥയെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിക്കേണ്ട സാഹചര്യമുണ്ടെന്ന് ഷീബ അമീർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയവും മതവും നിയമവും സാമൂഹിക സാഹചര്യങ്ങളും ഒത്തുവന്നാലേ നിരന്തരമായി നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ നേടിയെടുക്കാനാവൂ എന്നായിരുന്നു ശീതൾ ശ്യാം അഭിപ്രായപ്പെട്ടത്. ഇത്തരം വേദികളും ശബ്ദങ്ങളും ഇതിന് അനിവാര്യമാണെന്നും അവർ പറഞ്ഞു.
വിമര്ശനം ജനാധിപത്യത്തിന്റെ പ്രാണൻ
വിമർശനം ജനാധിപത്യത്തിന്റെ പ്രാണനാണെന്ന് നിരൂപകൻ എം.എം.നാരായണൻ. 'മലയാളനിരൂപണം ഇന്ന്' എന്ന വിഷയത്തിലെ പാനൽചർച്ചയിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിമർശനസാഹിത്യം ഇന്ന് നിലനിൽക്കുന്നില്ല. സ്തുതിയും പഴിയും മാത്രമാണുള്ളത്. ഒരു കാലത്ത് സാഹിത്യകാർക്ക് വഴികാട്ടിക്കൊടുത്തിരുന്ന നിരൂപകർ ഇന്ന് എഴുത്തുകാർക്ക് പിമ്പേ പോകുന്ന തരത്തിൽ നിരൂപണം അധഃപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ തകർച്ചയാണ് വിമർശന സാഹിത്യത്തിന്റെയും തകർച്ചയ്ക്ക് കാരണമെന്ന് എസ്.എസ്.ശ്രീകുമാർ പറഞ്ഞു. വിമർശനരംഗത്ത് സ്ത്രീകൾക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ലെന്ന് ജി.ഉഷാകുമാരി പറഞ്ഞു. എം.ലീലാവതിയെ പോലെയുള്ളവർക്ക് പാണ്ഡിത്യത്തിൽ കുറവില്ലായിരുന്നെങ്കിലും വേണ്ടവിധം പരിഗണിക്കപ്പെട്ടിരുന്നില്ല. കീഴാളരുടെയും ക്വീർ വിഭാഗങ്ങളുടെയുമെല്ലാം സ്വരം വിമർശനത്തിൽ പ്രതിദ്ധ്വനിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.
നഗരങ്ങൾ മനുഷ്യബന്ധങ്ങൾ തകർക്കുന്നു. ഓരോ മനുഷ്യന്റെ ഉള്ളിലും നാട്ടിൻപുറത്തിന്റെ വിശുദ്ധിയും ബന്ധങ്ങളും വേണം. എനിക്ക് രണ്ടര ദേശങ്ങളുണ്ട്. മയ്യഴിയും, ഡൽഹിയും കൂടാതെ അരഭാഗം ഫ്രാൻസുമാണത്. ദേശവും ജനങ്ങളുമില്ലാതെ സാഹിത്യമില്ല. എവിടെ ജനിച്ചുവെന്നത് സാഹിത്യത്തെ സ്വാധീനിക്കും.
എം.മുകുന്ദൻ
എഴുത്തുകാരുടെ സ്വദേശം എന്ന വിഷയത്തിലുള്ള സംവാദം
പാട്ടില്ലാത്ത ലോകം ഹിംസാത്മകമാണ്. കവിത വായിക്കുന്നവരുടെയും പാട്ടുകേൾക്കുന്നവരുടെയും ഹൃദയ ക്യാൻവാസ് വ്യത്യസ്തമാണ്. കവിത ധ്യാനാത്മകമാണ്. സിനിമാഗാനങ്ങൾ ആൾക്കൂട്ടത്തിന്റെ പാട്ടും. സിനിമാഗാനങ്ങൾ കേട്ടുകേട്ട് ആഴത്തിലുള്ള വായനയിലേക്ക് പോയ തലമുറയും നമുക്കുണ്ടായിരുന്നു.
റഫീഖ് അഹമ്മദ്
ഒരു ജനതയുടെ ജനിതകം ഗാനാസ്വാദനത്തിൽ നിർണായകമാണ്.
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
പുതിയ കാലത്ത് വരികളുടെ പ്രാധാന്യം കുറയുകയും, ട്യൂണിന് പ്രാധാന്യമേറുകയും ചെയ്യുന്നു. പാട്ടിൽ സാഹിത്യം വേണ്ടെന്ന് സംഗീത സംവിധായകരൊക്കെ മുൻകൂട്ടി പറയാറുണ്ട്
ഹരിനാരായണൻ
സാഹിത്യോത്സവത്തിൽ 'പാട്ടും കവിതയും' എന്ന പാനൽ ചർച്ചയിൽ നിന്ന്