cough

തൃശൂർ: കേരളത്തിൽ പ്രതിവർഷം 25,000 ഓളം പേർക്ക് ക്ഷയരോഗം ബാധിക്കുന്നുവെന്ന് കണക്ക്. പൊതുവിൽ ടിബി രോഗ സാദ്ധ്യത കുറഞ്ഞ സംസ്ഥാനമാണെങ്കിലും മരണ നിരക്ക് കൂടുതലാണെന്ന് സ്ഥിതിവിവര കണക്കുകൾ. ദേശീയതലത്തിൽ 32 ശതമാനം ക്ഷയരോഗത്താൽ വലയുമ്പോൾ കേരളത്തിലത് 20 ശതമാനമാണ്. സമീപകാലത്ത് മരണനിരക്ക് കണക്കാക്കുമ്പോൾ കേരളത്തിൽ ടി.ബി നിർമ്മാർജ്ജനം ഏറെ വെല്ലുവിളി നേരിടുന്നുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ദേശീയ നിരക്കിനേക്കാൾ കൂടുതലാണ് ക്ഷയരോഗം മൂലമുള്ള മരണനിരക്ക്, 8.9 ശതമാനം. കഴിഞ്ഞവർഷം ലോകത്ത് ഒരു കോടി ജനങ്ങൾക്കാണ് ടി.ബി കണ്ടെത്തിയത്.
28 ലക്ഷവും ഇന്ത്യയിൽ നിന്നായിരുന്നു. 2022ൽ ആഗോളതലത്തിൽ 13 ലക്ഷം പേർ ടി.ബി ബാധിച്ച് മരിച്ചപ്പോൾ അതിൽ 3.4 ലക്ഷം ആളുകൾ ഇന്ത്യയിൽ നിന്നായിരുന്നു. കേരളത്തിലെ മൂന്നിൽ ഒരു ഭാഗം ശ്വാസകോശ ഇതര ക്ഷയരോഗമാണ്. ഇത് വിവിധ അവയവങ്ങളിൽ കാണുന്നതിനാൽ രോഗനിർണ്ണയത്തിന് വൈദഗ്ദ്ധ്യവും പലതരം ടെസ്റ്റും ആവശ്യമാണ്. ടി.ബി രോഗികളിൽ മൂന്നിൽ ഒരു ഭാഗത്തിന് പ്രമേഹമുണ്ടെന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി. ഇത്തരക്കാരിലെ പ്രമേഹ നിയന്ത്രണം ടി.ബി ചികിത്സയെ പ്രതികൂലമായി ബാധിക്കും.


ദേശീയ സമ്മേളനം

ട്യൂബർ കുലോസിസും (ക്ഷയം) നെഞ്ച് രോഗങ്ങളും എന്ന വിഷയത്തിൽ ശ്വാസകോശ രോഗവിദഗ്ദ്ധരുടെ സംഘടനയായ അസോസിയേഷൻ ഒഫ് പൾമനോളജിസ്റ്റ്‌സിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ദേശീയ സമ്മേളനം ലുലു കൺവെൻഷൻ സെന്ററിൽ നടക്കും. അക്കാഡമി ഒഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ, ട്യൂബർകുലോസിസ് അസോസിയേഷൻ ഒഫ് കേരള എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെമിനാർ മൂന്നിന് വൈകീട്ട് 6.30ന് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ഓർഗനൈസിംഗ് ചെയർമാൻ ഡോ.ഡേവീസ് പോൾ, സെക്രട്ടറി ഡോ.ജെ.വി.ജൂഡ്, ട്രഷറർ ഡോ.തോമസ് വടക്കൻ എന്നിവർ പങ്കെടുത്തു.


പിടിമുറുക്കുന്നത് പുരുഷന്മാരിൽ

കൂടുതൽ 20-40നും മദ്ധ്യേയുള്ള പുരുഷന്മാരിൽ.
കുറവ് കുട്ടികളിൽ
രോഗബാധ 20 ശതമാനത്തിന്
മരണനിരക്ക് 8.9 ശതമാനം.