kaumudi

തൃശൂർ: ഉത്സവങ്ങളുടെ സമാധാനപരമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിന് ആനകളുടെ അളവ് പുനർനിർണയിക്കണമെന്ന് ആന ക്ഷേമത്തിനുള്ള കൂട്ടായ്മയായ 'കൂട്ടുകൊമ്പൻമാർ'. സമീപകാലത്ത് ആനകളുടെ സ്ഥാനം സംബന്ധിച്ച് ഉത്സവപ്പറമ്പുകളിലുണ്ടായത് ആനകളുടെ ഉയരം കൃത്യമായി അളന്ന് തിട്ടപ്പെടുത്താത്തതിനാലാണ്. അതിനാൽ ആനകളെ ഒരുമിച്ച് നിറുത്തി ഉയരം അളന്ന് രേഖപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും സുജിത് തെരിയാട്, വി.ടി. ശരത്, പി.എസ്. ജിഷ്ണു, കെ.പി. പ്രശാന്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഉയരം അനുസരിച്ചാണ് ആനകളെ ക്രമീകരിച്ച് എഴുന്നെള്ളിക്കുന്നത്. കുന്നംകുളത്ത് കഴിഞ്ഞ ദിവസം ആനയുടെ സ്ഥാനക്രമം സംബന്ധിച്ച് തർക്കം അടിപിടിയിൽ കലാശിച്ചിരുന്നു. പലരും തെറിച്ചു വീണത് ആനകളുടെ അടിയിലേക്കും മറ്റുമാണ് . മൂന്ന് ആനകള എഴുന്നള്ളിക്കുന്ന സ്ഥലങ്ങളിൽ തർക്കങ്ങൾ പതിവാണ്.

അളവെടുത്തത് 2012ൽ
അഞ്ച് വർഷം കൂടുമ്പോഴാണ് ആനകളുടെ അളവെടുക്കേണ്ടത്. എന്നാൽ കേരളത്തിൽ അവസാനമായി അളവെടുപ്പ് നടന്നത് 2012ലാണ്. വർഷം തോറും വളരുന്ന ആനയുടെ അളവെടുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തണം. ആന മുതലാളിമാരുടെ സംഘടനകളും ഇതിന് താത്പര്യം കാണിക്കുന്നില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും നിശബ്ദരാണ്.
അഞ്ച് വർഷം മുൻപും കൂട്ടുകൊമ്പൻമാർ സമാനമായ ആവശ്യം ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. 2012ന് ശേഷം ആനകളുടെ അളവ് ആന ഉടമകളുടെ പറമ്പിൽ വച്ച് നടത്തിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. എന്നാൽ ഇതിന് വിശ്വാസ്യതയില്ല. ഉടമകളുടെ പറമ്പിൽ ചെന്നെടുക്കുന്ന അളവിൽ കൃത്രിമം നടക്കുമെന്നും ആരോപമുണ്ടെന്നും കൂട്ടുകൊമ്പൻമാർ ഭാരവാഹികൾ പറഞ്ഞു.