
തൃശൂർ : രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ് ബുക്ക് പോസ്റ്റിൽ പി.ബാലചന്ദ്രൻ എം.എൽ.എയെ പരസ്യമായി ശാസിക്കും. ഇന്നലെ ചേർന്ന ജില്ലാ എക്സിക്യുട്ടീവ് യോഗത്തിന്റേതാണ് നടപടി. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് എം.എൽ.എ ഖേദപ്രകടനം നടത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമെന്ന നിലയിൽ പാർട്ടി നിലപാടുകൾക്ക് യോജിക്കാത്ത വിധത്തിലുള്ള സമൂഹ മാദ്ധ്യമ ഇടപെടലുണ്ടായെന്ന് പാർട്ടി വിലയിരുത്തിയതായി ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് പറഞ്ഞു. ഇത് അച്ചടക്ക ലംഘനമാണ്.
വ്യക്തികളുടെ വിശ്വാസ പ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ആദരിക്കുകയും വ്യക്തിസ്വാതന്ത്ര്യത്തെ വില മതിക്കുകയും ചെയ്യുന്ന പാർട്ടിയാണെന്നും വിഷയത്തിൽ നേരത്തെ പാർട്ടി ഖേദപ്രകടനം നടത്തിയതായും വത്സരാജ് വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കെ.പി.രാജേന്ദ്രൻ, സി.എൻ.ജയദേവൻ എന്നിവരും പങ്കെടുത്തു. ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും അധിക്ഷേപിക്കുന്ന തരത്തിലാണ് ഫേസ് ബുക്കിൽ സി.പി.ഐ ജില്ലാ അസി.സെക്രട്ടറി കൂടിയായ പി.ബാലചന്ദ്രൻ കുറിച്ചത്. ഇതിനെതിരെ ബി.ജെ.പി ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. സി.പി.ഐക്കുള്ളിലും കടുത്ത വിമർശനം ഉയർന്നു.
സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി പിരിച്ചുവിടാൻ ശുപാർശ
സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി പിരിച്ചു വിടാൻ ജില്ലാ എക്സിക്യൂട്ടീവ് യോഗം സംസ്ഥാന നേതൃത്വത്തോട് ശുപാർശ ചെയ്തു. 10, 11 തിയതികളിൽ ചേരുന്ന സംസ്ഥാന സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്യും. ശുപാർശ അംഗീകരിച്ചേക്കുമെന്നാണ് വിവരം.
ആഗസ്റ്റ് 27ന് പടിഞ്ഞാറെ നടയിലുള്ള മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം വാക്ക് തർക്കത്തിലും കൈയാങ്കളിയിലും സമാപിച്ചിരുന്നു. ജില്ലാ അസി.സെക്രട്ടറി ടി.ആർ.രമേഷ് കുമാർ, വി.ആർ.സുനിൽകുമാർ എം.എൽ.എ, കെ.പി. രാജേന്ദ്രൻ, കെ.കെ.വത്സരാജ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. പരസ്പരം പോർവിളിക്കും കൈയാങ്കളിക്കും ശേഷമുണ്ടായ സംഘർഷത്തിൽ ഏതാനും നേതാക്കൾക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് ജില്ലാ അസി.സെക്രട്ടറി ടി.ആർ.രമേഷ് കുമാർ യോഗം പിരിച്ചു വിടുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും നേതാക്കൾക്കിടയിലെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായില്ല. പിന്നീട് മണ്ഡലം കമ്മിറ്റി യോഗവും ചേർന്നില്ല. ഇതേത്തുടർന്ന് ഒരു വിഭാഗം പാർട്ടി പ്രവർത്തനങ്ങളിൽ സഹകരിക്കുന്നുമില്ല. ജനുവരി ആദ്യവാരം ജില്ലാ സെക്രട്ടറി തൃശൂരിൽ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി യോഗം വിളിച്ചു ചേർത്തതിൽ മുഴുവൻ പേരും പങ്കെടുത്തിരുന്നു. എന്നാൽ വിഭാഗീയ പ്രവർത്തനങ്ങൾ കുറഞ്ഞില്ല.